കനത്ത മഴ, ചുഴലിക്കാറ്റ് ഭീഷണി : ജാഗ്രതയില്‍ സംസ്ഥാനം ; കൊല്ലം തുറമുഖത്ത് അഭയം തേടി ആറ് കപ്പലുകള്‍

Jaihind Webdesk
Friday, May 14, 2021

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമർദ്ദ ചുഴലികാറ്റ് ഭീഷണിയെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

കൊല്ലം ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. കൊല്ലം ആലപ്പാട്, പരവൂർ മേഖലകളിൽ കടൽക്ഷോഭം ശക്തമാണ്. വെള്ളക്കെട്ടിനെ തുടര്‍ന്ന് തൃക്കോവിൽവട്ടത്ത് 5 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വിദേശ ബാർജ് ഉൾപ്പെടെ 6 കപ്പലുകൾ കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടു.
ശ്രീലങ്കൻ ബാർജ് ഉൾപ്പടെയാണ് സുരക്ഷ തേടി കൊല്ലം പോർട്ടിൽ അഭയം തേടിയിട്ടുള്ളത്. ജില്ലയിലെ 6 താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട് . മഴക്കെടുതി ശക്തമായാൽ ദുരിത ബാധിതരെ മാറ്റിപ്പാർപ്പിക്കാൻ പല മേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്.

അതേസമയം കനത്ത മഴ തുടരുന്നതിനാൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് നടത്താനിരുന്ന കൊവിഡ് വാക്സിനേഷൻ ക്യാമ്പുകൾ റദ്ദാക്കി. ന്യൂനമർദം ഇന്ന് അതിതീവ്രമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 60–70 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനും കടല്‍ തീരത്ത് തിരമാലകള്‍ ഒരു മീറ്റർ വരെ ഉയരാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ശക്തമായ മഴയ്‌ക്കൊപ്പം ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായി. ബസാര്‍, കമ്പനിപ്പടി മേഖലകളിലാണ് 50 മീറ്ററോളം കടല്‍ കയറിയത്. നിരവധി വീടുകളിലും വഴികളിലും വെള്ളം കയറി. അന്ധകാരനഴി സെൻ്റ് സേവ്യേഴ്സ് പള്ളിയിലും വെള്ളം കയറി. കൊവിഡ് രോഗികള്‍ അധികമുള്ള ചെല്ലാനത്ത ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതും ദുഷ്‌കരമാണ്. 60 ശതമാനത്തോളമാണ് ചെല്ലാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗമുള്ളവരെയും, നിരീക്ഷണത്തില്‍ ഉള്ളവരെയും, രോഗമില്ലാത്തവരെയും വേര്‍തിരിച്ചാണ് ക്യാമ്പുകളിലേക്ക് മാറ്റുന്നത്.

തെക്കൻ ജില്ലകളിൽ ഇന്നലെ തുടങ്ങിയ മഴ രാവിലെയും പെയ്യുകയാണ്. ദേശീയ ദുരന്തനിവാരണ സേന കേരളത്തില്‍ എത്തി. ഒമ്പത് ജില്ലകളിലായി ഇവരെ വിന്യസിക്കും.പത്തനംതിട്ട ജില്ലയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സംഘവുമായി കളക്ടർ കൂടിക്കാഴ്ച നടത്തി. ആലപ്പുഴ കുട്ടനാട്ടിൽ പലയിടങ്ങളിലും വെള്ളം പൊങ്ങി. കാവാലം മാണിക്യമംഗലം പാടശേഖരത്തിൽ മട വീണു. പുളിങ്കുന്ന്, നെടുമുടി, ചമ്പക്കുളം, കൈനകരി പ‍ഞ്ചായത്തുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.