സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് ആരോഗ്യവകുപ്പ്

Jaihind News Bureau
Monday, January 4, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കൊവിഡ് വ്യാപന മുന്നറിയിപ്പ് നൽകി ആരോഗ്യ വകുപ്പ്. ഈ മാസം പകുതിയോടെ പ്രതിദിന രോഗ ബാധിതരുടെ എണ്ണം 9,000 കടന്നേക്കുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ 20 ദിവസത്തിനിടെ 494 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പ് മൂലം ഉണ്ടായ ക്ലസ്റ്ററുകളും പുതുവർഷ ആഘോഷങ്ങളും തുടർന്ന് സ്‌കൂളുകളും കോളേജുകളും തുറക്കുന്നതുമൊക്കെ കൊവിഡ് വ്യാപനം വർധിക്കാൻ കാരണമാകുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 9,000 വരെ ഉയർന്നേക്കാം. ചികിത്സയിലുള്ളവരുടെ എണ്ണം 90,000 വരെ ആയേക്കാമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ്. പ്രതിദിന മരണനിരക്ക് 0.5 ആയി ഉയർന്നേക്കുമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നിലവില്‍ 0.4 ശതമാനമാണ് കേരളത്തിലെ മരണനിരക്ക്. ശരാശരി 65,000 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

കൊവിഡ് ബാധിതരെ കണ്ടെത്താനുള്ള പരിശോധനകളില്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റ് കുറയ്ക്കാനും ആന്‍റിജന്‍ ടെസ്റ്റിന്‍റെ എണ്ണം കൂട്ടാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആന്‍റിജന്‍ ടെസ്റ്റുകള്‍ക്ക് മികച്ച ഫലപ്രാപ്തിയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍. കൊവിഡ് സാധ്യത കൂടുതലുള്ളവര്‍ക്കും ആന്‍റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയിട്ടും രോഗലക്ഷണമുള്ളവര്‍ക്കും മാത്രമായി ആര്‍.ടി.പി.സി.ആര്‍ പരിശോധന പരിമിതപ്പെടുത്തും.

ഔദ്യോഗിക കണക്കനുസരിച്ച് 3,141 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗം ഭേദമായതിന് ശേഷം ഗുരുതര അസുഖം ബാധിച്ച് മരിക്കുന്നതും കണക്കിലില്ല. പ്രായമായവർക്കും വീട്ടിൽ കഴിയുന്നവർക്കും രോഗം ബാധിക്കാനുള്ള സാധ്യതയും കൂടുന്നതും ആശങ്ക വർധിപ്പിക്കുന്നു. കൊവിഡ് ബാധിതരെ കണ്ടെത്താനുള്ള ആന്‍റിജൻ ടെസ്റ്റ് കൂട്ടാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. കൊവിഡ് രണ്ടാം ഘട്ട വ്യാപനത്തിന്‍റെ സാധ്യതകൾ കണ്ടെത്താനും പ്രതിരോധിക്കാനുമായി കൂടുതൽ പഠനം നടത്താനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ ആകെ രോഗബാധിതരെക്കാൾ 24 ശതമാനം കേരളത്തിലാണ്. വ്യാപന ഭീഷണി ഉയരുമ്പോഴും കൊവിഡ് വാക്‌സിൻ ലഭ്യതയാണ് പ്രതീക്ഷ പകരുന്നത്.