കാരക്കോണം മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Jaihind News Bureau
Friday, July 17, 2020

Kerala-High-Court-34

കാരക്കോണം മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ക്രൈംബ്രാ‌ഞ്ചിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. വമ്പന്‍സ്രാവുകള്‍ക്കെതിരെ എന്തുകൊണ്ട് അന്വേഷണം ഇല്ലെന്ന് കോടതി ചോദിച്ചു. ജീവനക്കാര്‍ക്ക് പിന്നാലെ മാത്രമാണ് ക്രൈംബ്രാ‌ഞ്ചന്നും കോടതി വിമര്‍ശിച്ചു.

കോഴ കേസിലെ പ്രധാന പ്രതികള്‍ക്കെതിരെ ഇതുവരെ നടപടിയില്ലാത്തത് ആശങ്കപ്പെടുത്തുന്നുവെന്നും ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പത്ത് ദിവസത്തിനകം അന്വേഷണ പുരോഗതി അറിയിക്കാന്‍ ക്രൈംബ്രാ‌ഞ്ചിന് കോടതി നിര്‍ദ്ദേശം നല്‍കി. സിഎസ്‌ഐ സഭാ അധ്യക്ഷന്‍ ധര്‍മരാജ് രസാലം, കോളേജ് ഡയറക്ടര്‍ ഡോ. ബെനറ്റ് എബ്രഹാം എന്നിവര്‍ക്കെതിരെ അന്വേഷണം നടക്കാത്തതിലാണ് കോടതിയുടെ വിമര്‍ശനം.രണ്ട് പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ ആയിരുന്നു ക്രൈംബ്രാ‌ഞ്ചിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

സിഎസ്‌ഐ സഭയ്ക്ക് കീഴിലുള്ള മെഡിക്കല്‍ കോളേജിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് കോളേജ് അധികൃതര്‍ നാല് പേരില്‍ നിന്നായി 92.5 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. 2019 ഏപ്രിലിലാണ് കേസ് റജിസ്റ്റര്‍ ചെയ്യുന്നത്. സീറ്റ് പേയ്മെന്‍റ് വിവാദത്തില്‍ പുലിവാല് പിടിച്ച തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ 2014ലെ തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ ബെനറ്റ് എബ്രഹാമാണ് കേസിലെ മുഖ്യപ്രതി. വിവാദമുണ്ടായ കാലത്ത് കോളേജിന്‍റെ ഡയറക്ടറായിരുന്നു ബെനറ്റ് എബ്രഹാം. അന്നത്തെ മെഡിക്കല്‍ കോളേജ് കണ്‍ട്രോളര്‍ ഡോ. പി തങ്കരാജന്‍, മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. പി മധുസൂദനന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. കേസില്‍ സിഎസ്‌ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലമടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് അന്വേഷിക്കാന്‍ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിരുന്നതാണ്.

24 പേരാണ് കാരക്കോണം മെഡിക്കല്‍ കോളേജിനെതിരെ ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷനെ നേരത്തെ സമീപിച്ചത്. 10 ലക്ഷം മുതല്‍ 50 ലക്ഷം വരെ കൈപ്പറ്റിയെന്നാണ് പരാതി. ബിഷപ്പ് അടക്കമുള്ളവരുടെ ഉറപ്പിന്മേലാണ് പണം നല്‍കിയതെന്നായിരുന്നു പരാതി. ഈ തുക തിരിച്ചുവാങ്ങി തരണമെന്നായിരുന്നു ആവശ്യം. 2016 മുതല്‍ മുന്‍കൂറായി സീറ്റിന് പണം വാങ്ങുന്നുണ്ടെന്നും ഇത് പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തിയതായും തെളിവെടുപ്പില്‍ നേരത്തെ ബിഷപ്പ് അടക്കമുള്ളവര്‍ സമ്മതിച്ചിരുന്നു. പരാതിക്കാര്‍ക്ക് 12 തവണകളായി തുക മടക്കി നല്‍കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും അതുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കമ്മീഷന്‍ കര്‍ശനമായി ഇടപെട്ടതും, നടപടി ശുപാര്‍ശ ചെയ്തതും.
കൂടാതെ അഴിമതിയില്‍ പങ്കാളിയായ ഡോ. ബെനറ്റ് എബ്രഹാമിനെ വീണ്ടും ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതിനെതിരെയും സിഎസ്‌ഐ സഭയില്‍ വന്‍ വിവാദം ഉയർന്നിരുന്നു.