‘ബിജെപിയുടെ പിന്തുണയില്ലായിരുന്നെങ്കില്‍ പിണറായി എന്നേ രാജിവെക്കേണ്ടിവന്നേനെ’; ബിജെപിയും സിപിഎമ്മും പരസ്പര സഹായക സംഘം

Jaihind Webdesk
Sunday, July 24, 2022

കോഴിക്കോട്: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്‍റെ പിന്തുണയില്ലായിരുന്നെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെച്ച് ഒഴിയേണ്ടി വന്നേനെയെന്ന്കെപിസിസി ചിന്തന്‍ ശിബിരം. കേരളത്തിലെ സിപിമ്മും ബിജെപിയും രഹസ്യ പാക്കേജിന്‍റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പരസ്പര സഹായ സംഘങ്ങളായി മാറിയിരിക്കുകയാണ്. ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയും നേരിട്ടിട്ടില്ലാത്ത ഗുരുതരമായ ആരോപണങ്ങളാണ് കേരള മുഖ്യമന്ത്രി നേരിടുന്നതെന്നും കോഴിക്കോട് പ്രഖ്യാപനത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്കെതിരായി ഉയരുന്ന അരോപണങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനും കേന്ദ്രത്തിലെ യജമാനന്മാരെ തൃപ്തിപ്പെടുത്താനുമാണ് വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമണവും പിന്നീട് നടന്ന എകെജി സെന്‍റർ ആക്രമണ നാടകവും ആസൂത്രണം ചെയ്യപ്പെട്ടത്. കേരളത്തിലെ മുഖ്യമന്ത്രിയും ഓഫീസും സ്വർണ്ണകള്ളക്കത്ത്, ഡോളർ കള്ളക്കടത്ത് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിലെ പങ്കാളികളാണെന്ന നിലയിൽ കേസിലെ പ്രധാന പ്രതി കോടതിയിൽ കൊടുത്തിരിക്കുന്ന സത്യവാങ്മൂലത്തിലെ വെളിപ്പെടുത്തലുകൾ നമ്മുടെ ഭരണാധികാരികളെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും വിശ്വാസ്യതയും ഇല്ലാതാക്കി. സിപിഎം പോലുള്ള പാർട്ടി നേരിടുന്ന ജീർണതയിലേക്ക് വിരൽചൂണ്ടുന്നവയാണ് സർക്കാരിനെതിരെ ഓരോ ദിവസവും പുറത്തുവരുന്ന വെളിപ്പെടുത്തലുകളെന്നും കോഴിക്കോട് പ്രഖ്യാപനം കുറ്റപ്പെടുത്തുന്നു.