കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കൃഷ്ണപ്പിളളയെ മറന്നെന്ന് ജി.സുധാകരന്‍

Jaihind Webdesk
Sunday, October 1, 2023

സമൂഹത്തിന് വേണ്ടി നന്മ ചെയ്യുന്നവരെ അവര്‍ ജീവിച്ചിരിക്കുമ്പോഴും മരിക്കുമ്പോഴും വിസ്മരിക്കുന്നത് നന്ദികേടാണെന്ന് മുന്‍ മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. കാറല്‍ മാര്‍ക്സിനെ മറന്നതാണ് സോവിയറ്റ് യൂണിയനിലെ തിരിച്ചടിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. എന്‍ ബി ത്രിവിക്രമന്‍ പിള്ള ഫൗണ്ടേഷന്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സാധാരണ സമ്മേളനങ്ങളില്‍ ഒന്നിനും പാര്‍ട്ടി സ്ഥാപകനായ പി കൃഷ്ണപ്പിള്ളയുടെ പേര് പറയാറില്ല. പലര്‍ക്കും അദ്ദേഹത്തെ അറിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

കൃഷ്ണപിള്ള മരിച്ച ദിവസം മാത്രം അനുസ്മരിച്ചിട്ട് കാര്യമില്ല. 56 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി സംസാരിക്കുമ്പോഴെല്ലാം താന്‍ കൃഷ്ണപ്പിള്ളയെ പറ്റി പറയാറുണ്ട്. കണ്ണര്‍കാട്ട് കൃഷ്ണപിള്ളയുടെ പ്രതിമയുടെ ശിരസ്സ് തല്ലിയുടച്ചു. അതിനെപ്പറ്റി ഒരന്വേഷണവും ഉണ്ടായില്ല. അത് പുതിയ കാലവിശേഷം. പശ്ചാത്താപമേ പ്രായശ്ചിത്തം എന്നതുപോലെ കുറ്റം ചെയ്ത ആള്‍ അത് ഏറ്റുപറഞ്ഞിരുന്നെങ്കില്‍ മാപ്പുകൊടുത്തേനെ. അതോടെ ആ പ്രശ്നം തീര്‍ന്നേനെയെന്നും സുധാകരന്‍ പറഞ്ഞു.

സമൂഹത്തിന് വേണ്ടി നന്മ ചെയ്യുന്നവരെ അവര്‍ ജീവിച്ചിരിക്കുമ്പോഴും മരിക്കുമ്പോഴും വിസ്മരിക്കുന്നത് നന്ദികേടാണ്. കാറല്‍ മാര്‍ക്സിനെ മറന്നതാണ് സോവിയറ്റ് യൂണിയനിലെ തിരിച്ചടിക്ക് കാരണം. മാര്‍ക്സിനെ മറന്നാല്‍ അനുഭവിക്കുമെന്നും സുധാകരന്‍ പറഞ്ഞു.