‘സര്‍ക്കാരിന്‍റെ അടുപ്പക്കാര്‍ രാജ്യത്തെ അതിസമ്പന്നരായി മാറുന്നു, ചെറുപ്പക്കാര്‍ തൊഴിലില്ലാത്തവരായും; മാറ്റത്തിനായാണ് ഈ യാത്ര’: രാഹുല്‍ ഗാന്ധി

Jaihind Webdesk
Friday, September 16, 2022

കൊല്ലം/കരുനാഗപ്പള്ളി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. ബ്രിട്ടീഷുകാരുടേത് പോലെ തന്നെ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പിന് ശ്രമിക്കുകയാണ് ആര്‍എസ്എസും ബിജെപിയും ചെയ്യുന്നത്. ബിജെപി ഭരണത്തില്‍ രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും അതിരൂക്ഷമായി. രാജ്യത്തിന്‍റെ നേതാവിന്‍റെ അടുപ്പക്കാരായ അഞ്ചോ ആറോ വ്യക്തികള്‍ അതിസമ്പന്നരായി തീരുമ്പോള്‍ ചെറുപ്പക്കാര്‍ തൊഴിലില്ലായ്മ കാരണം വലയുകയാണ് ചെയ്യുന്നത്. ബിജെപി പടർത്തിയ വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ഫലമാണ് ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ. ബിജെപിയുടെ ഭിന്നിപ്പിന്‍റെ രാഷ്ട്രീയം മനസിലാക്കിയാണ് ജനം ഒറ്റക്കെട്ടായി ഭാരത് ജോഡോ പദയാത്രയില്‍ അണിനിരക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ കശുവണ്ടി മേഖലയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സർക്കാരിനും നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. അവരോണ് അനുഭാവപൂർവമായ സമീപനം സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി കരുനാഗപ്പള്ളിയിലെ സമാപനസമ്മേളനത്തില്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി പറഞ്ഞത്:

ഭാരത് ജോഡോ പദയാത്രയില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ എത്തിച്ചേരുന്നു. നിരവധി പ്രയാസങ്ങള്‍ സഹിച്ചും ഇവരെല്ലാം യാത്രയ്ക്ക് പൂർണ്ണ പിന്തുണ നല്‍കുന്നു. യാത്രയുടെ ആശയത്തെ ആഴത്തിൽ മനസിലാക്കിയതുകൊണ്ടാണ് ഇവരെല്ലാം യാത്രയിൽ പങ്കുചേരുന്നത്. ആർഎസ്എസിന്‍റെയും ബിജെപിയുടെയും വർഗീയതയെയും വിഭാഗീയതയെയും മനസിലാക്കിയതുകൊണ്ടാണ്. സഹോദരന്മാരെ തന്നില്‍ പരസ്പരം പോരടിപ്പിക്കുകയാണ് ബിജെപിയും ആര്‍എസ്എസും ചെയ്യുന്നത്. ജാതി, മതം, വർഗം, ലിഗം എന്നിവയുടെ പേരിലെല്ലാം രാജ്യത്ത് വിഭാഗീയത പരത്തുന്നു. വനിതകളെ അവര്‍ പ്രാധാന്യം കുറച്ച് കാണുന്നത്. ആർഎസ്എസ് കരുതുന്നത് വനിതകൾക്കുള്ള ഭാഗധേയവും അവർ നിർണയിക്കുമെന്നാണ്. ഇന്ത്യയിലെ ജനം ഇതെല്ലാം മനസിലാക്കുന്നു. പരസ്പരം പോരടിക്കുന്ന കുടുംബം ദുർബലമാകും. ഇതുപോലെ ഇന്ത്യക്കാർ പരസ്പരം പോരടിക്കുമ്പോൾ, വെറുക്കുമ്പോൾ രാജ്യം ദുർബലമാകും. ഇത് തിരിച്ചറിഞ്ഞുകൊണ്ട് യാത്രയിൽ പങ്കുചേരുന്ന ജനം ഒറ്റക്കെട്ടായി പറയുന്നത് ഈ രാജ്യത്തെ ദുർബലപ്പെടുത്താൻ അനുവദിക്കില്ല എന്നാണ്. ഇന്ത്യയെ ഒന്നിപ്പിക്കുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യം. ഈ ആശയം ഒരിക്കലും പുതിയതല്ല. കേരളത്തിന്‍റെ മഹാന്മാരായ ആളുകളിൽ നിന്നാണ് ഈ ആശയം ഉയർന്നുവന്നത്. ശ്രീനാരായണ ഗുരുദേവനും, ചട്ടമ്പിസ്വാമിയും, മഹാത്മാ അയ്യങ്കാളിയും എല്ലാം ഐക്യം എന്ന ആശയത്തെ ഉയർത്തിപ്പിടിച്ചവരാണ്. നമ്മുടെ രാജ്യത്ത് യോജിപ്പും സമാധാനവുമില്ലെങ്കിൽ പുരോഗതിയില്ല. പരസ്പരം പോരടിക്കുന്ന കുടുംബത്തിന് പുരോഗതിയുണ്ടാവില്ല, നാശത്തിലേക്ക് വഴുതിവീഴും. ഏത് വിജയകരമായ കുടുംബത്തിലേക്ക് നോക്കിയാലും സ്‌നേഹവും പരസ്പരവിശ്വാസവും സ്‌നേഹവും സഹവര്‍ത്തിത്വവും കാണാനാകും.

പരസ്പര വിദ്വേഷവും വെറുപ്പും ഉള്ള രാജ്യത്തിന് ഭാവിയിലേക്ക് പ്രത്യാശയോടെ നോക്കാനാവില്ല. വെറുപ്പ് പരത്താൻ എളുപ്പമാണ്. ആരെ വേണമെങ്കിലും ആര്‍ക്ക് വേണമെങ്കിലും അപമാനിക്കാനാവും. ഭാരതത്തിനും കേരളത്തിനും മുന്നോട്ടുപോകണമെങ്കിൽ സമാധാനവും സഹവർത്തിത്വവും ഉണ്ടാകണം. ബിജെപി പടർത്തിയ വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ഫലമാണ് രാജ്യത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ. യാത്രയ്ക്കിടെ ഞാൻ കണ്ട ചെറുപ്പക്കാരിൽ പകുതിയോളം ആളുകൾക്കും തൊഴിലില്ലാത്തവരാണ്. ബാക്കിയുള്ളവർ പറയുന്നത് തങ്ങൾ ചെയ്യുന്ന തൊഴിലിൽ സംതൃപ്തരല്ല എന്നാണ്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നൻ ഒരു ഇന്ത്യക്കാരാണ്. ഈ രാജ്യത്തിന്‍റെ നേതാവിന്‍റെ ഏറ്റവും അടുത്ത സഹചാരിയാണ് ഈ ശതകോടീശ്വരൻ. കൃഷി, താപവൈദ്യുത നിലയങ്ങൾ തുടങ്ങി
ഈ രാജ്യത്തെ ബഹുഭൂരിപക്ഷം വ്യവസായങ്ങളും നിയന്ത്രിക്കുന്നത് ഈ വ്യക്തിയാണ്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ധനികൻ ഇന്ത്യാക്കാരനാണ് എങ്കിൽ ലോകത്തിലെ ഏറ്റവും ഉർന്ന തൊഴിലില്ലായ്മ നിരക്ക് എങ്ങനെയാണ് ഉണ്ടായത്? ഒന്നോ രണ്ടോ അതിസമ്പന്നരായ വ്യക്തികൾ രാജ്യത്ത് ഉണ്ടാകുമ്പോൾ ദശലക്ഷക്കണക്കിന് തൊഴിലില്ലാത്ത ചെറുപ്പക്കാർ എങ്ങനെയുണ്ടായി? ഇതെല്ലാം പരസ്പര ബന്ധിതമാണ്. രാജ്യത്തെ സർക്കാർ പിന്തുണയ്ക്കുന്നത് രാജ്യത്തെ അതിസമ്പന്നരായ അഞ്ചോ ആറോ പേരെ മാത്രമാണ്.

ഈ രാജ്യത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്ക്കരിക്കപ്പെടുന്നു. ദശലക്ഷക്കണക്കിന് മനുഷ്യർക്ക് തൊഴിൽ നഷ്ടപ്പെടുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ എല്ലാം പോകുന്നത് ഈ അതിസമ്പന്നരായ അഞ്ചോ ആറോ പേരുടെ കൈകളിലേക്കാണ്. അതിഭീമമായ വിലക്കയറ്റത്തിനാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. പെട്രോൾ ഡീസൽ വില കുതിച്ചുയരുന്നു. ഫുഡ് ഡെലിവറി ചെയ്യുന്ന ചെറുപ്പക്കാരുമായി ഞാൻ സംസാരിച്ചു. അവരുടെ ഏറ്റവും വലിയ പ്രശ്‌നം ഇന്ധനവില വർധനയാണ്. രണ്ടാമത്തേത് കേരളത്തിലെ റോഡുകളാണ്. അവർ പറഞ്ഞു. ഈ റോഡുകൾ തെറ്റായി രൂപകൽപന ചെയ്യപ്പെട്ടതാണ്. ഉയർന്ന ഇന്ധനവിലയ്‌ക്കൊപ്പം വലിയ ആശുപത്രി ചിലവുകളും ഉണ്ടാകുന്നു. എല്ലാ ഭാഗങ്ങളിൽ നിന്നും അവർ ആക്രമിക്കപ്പെടുന്നു. ഓട്ടോ ഡ്രൈവർമാർ, ബസ് ഡ്രൈവർമാർ തുടങ്ങി എല്ലാവരും സമാന പ്രശ്‌നങ്ങള്‍ നേരിടുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം മനസിലാക്കേണ്ടത് സമൂഹവും വെറുപ്പും പുരോഗതിയും തമ്മിലൊരു ബന്ധമുണ്ട്. വെറുപ്പും ആർഎസ്എസും ബിജെപിയും തമ്മിലും ഒരു ബന്ധമുണ്ട്. ആര്‍എസ്എസും ബിജെപിയും രൂപകൽപന ചെയ്യപ്പെട്ടിരിക്കുന്നത് ചുരുക്കം ചിലർക്ക് ഗുണമുണ്ടാക്കാൻ വേണ്ടിയാണ്. ഭിന്നിപ്പിലൂടെ അധികാരവും പണവും വ്യക്തികളിലേക്ക് കേന്ദ്രീകരിക്കുക എന്നതാണ്. ഈ നാട്ടിലെ ജനങ്ങൾ സമാധാനത്തിലും സഹവർത്തിത്വത്തിലും ജീവിക്കുകയാണെങ്കിൽ ഇത്തരത്തിൽ അധികാരവും സമ്പത്തും കേന്ദ്രീകരിക്കാൻ അവർക്ക് സാധിക്കില്ല. രാജ്യത്തെ വിഭജിച്ച് സമ്പത്ത് ചുരുക്കം ചില വ്യക്തികളിലേക്ക് കേന്ദ്രീകരിക്കുക. ബ്രിട്ടീഷുകാർ ചെയ്ത അതേ കാര്യമാണ് ആർഎസ്എസും ബിജെപിയും ചെയ്യുന്നത്. നാട് നേരിടുന്ന ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് ഭാരതത്തെ ഒന്നിപ്പിക്കാൻ വേണ്ടി ഈ യാത്ര നടത്തുന്നത്. ഈ യാത്രയുടെ പേര് ഭാരത് ജോഡോ യാത്ര എന്നാണ്. ഭാരതത്തെ ഒന്നിപ്പിക്കുന്ന യാത്ര. ഇത് സമൂഹത്തിൽ സമാധാനം സൃഷ്ടിക്കുന്ന യാത്രയാണ്. ഈ രാജ്യം നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാം പരിഹരിക്കാൻ യാത്രയിലൂടെ നേടിയെടുക്കുന്ന യോജിപ്പിലൂടെ സാധിക്കും.

സംസ്ഥാനത്തെ കശുവണ്ടി മേഖല അപ്രത്യക്ഷമാകുന്ന അവസ്ഥയിലാണ്. ഈ മേഖല തന്നെ അപ്രത്യക്ഷമാകുമെന്ന ആശങ്കയാണ് കശുവണ്ടി തൊഴിലാളികള്‍ എന്നോട് പങ്കുവെച്ചത്. അവരുടെ പ്രശ്നങ്ങള്‍ ലോക്‌സഭയിൽ അവതരിപ്പിക്കും എന്ന് ഉറപ്പ് നൽകി. അതോടൊപ്പം സംസ്ഥാന സർക്കാരിനോട് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്. അവരുടെ ആവശ്യങ്ങളോട് അനുഭാവപൂർമായ പരിഗണന ഉണ്ടാവണം. ഇത് പ്രകോപനപരമായോ രാഷ്ട്രീയപരമായോ അല്ല പറയുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സർക്കാരിന് ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. കേരളത്തിലെ റോഡുകൾ സംബന്ധിച്ച് ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ ശരിയാണെന്ന് സർക്കാരിലെ തന്നെ ഒരംഗം തുറന്നുസമ്മതിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. കശുവണ്ടി മേഖലയുടെ ക്ഷേമത്തിനായും സർക്കാരിന് നിരവധി കാര്യങ്ങൾ ചെയ്യാനാകും. ഈ വിഷയം തീർച്ചയായും ലോക്‌സഭയിൽ ഉയർത്തും.

ഈ യാത്രയിൽ പങ്കുചേരുകയും യാത്രയുടെ മഹത്തായ ആശയും ഉൾക്കൊള്ളുകയും ചെയ്ത ഓരോരുത്തരോടും ഞാൻ നന്ദി അറിയിക്കുന്നു. കേരളത്തിന്‍റെ മഹാത്മാക്കാളായ ശ്രീനാരായണഗുരുവും മഹാത്മാ അയ്യങ്കാളിയും ചട്ടമ്പിസ്വാമിയും നമുക്ക് കാട്ടിത്തന്ന യോജിപ്പിന്‍റെ പാതയിൽ ഈ നാടിനെയും സംസ്ഥാനത്തെയും യോജിപ്പിക്കാനുള്ള യാത്രയിൽ നമുക്ക് പങ്കാളികളാകാം. കുറച്ചുദിവസം കൂടി നിങ്ങളുടെ മനോഹരമായ സംസ്ഥാനത്തുകൂടി ഞാന്‍ നടക്കുന്നുണ്ട്. അത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനമാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളെനിക്ക് നൽകുന്ന മഹത്തായ സ്‌നേഹവും ബഹുമതിയായി ഞാന്‍ കരുതുന്നു. ഇന്ത്യയൊട്ടാകെ നടക്കുക എന്നത് പ്രയാസമേറിയ ഒരു കാര്യമായിരിക്കും എന്നാണ് ഞാൻ കരുതിയത്. പക്ഷെ ഇപ്പോൾ ഞാൻ മനസിലാക്കുന്നു നിങ്ങളുടെ പിന്തുണയാൽ അത് വളരെ എളുപ്പമായ കാര്യമാണെന്ന്. മുന്നോട്ട് നടക്കാനുള്ള ശക്തിയായി നിങ്ങളുടെ പിന്തുണ മാറുന്നു. ഒരിക്കൽ കൂടി നിങ്ങളുടെപിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി അറിയിക്കുന്നു.