ഗവർണറെ മറികടന്ന് വിസി നിയമന നടപടികളുമായി സർക്കാർ; സെർച്ച് കമ്മിറ്റി രൂപീകരിക്കാന്‍ നീക്കം

Jaihind Webdesk
Friday, January 20, 2023

 

തിരുവനന്തപുരം: ഗവർണർ ഒപ്പ് വെക്കാത്ത സർവകലാശാല നിയമഭേദഗതി ബില്ലിന്‍റെ അടിസ്ഥാനത്തിൽ മലയാളം സർവകലാശാല വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിക്കാനൊരുങ്ങി ഗവർണർ. ഗവർണറുടെ പ്രതിനിധിയുടെ പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് രാജ്ഭവന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കത്തെഴുതി.

നിലവിലെ ചട്ടപ്രകാരം സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത് ചാൻസലറാണ്. ഗവർണർ അംഗീകരിക്കാത്ത നിയമഭേദഗതി മുൻനിർത്തി അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാനാണ് സർക്കാരിന്‍റെ നീക്കം. ഗവർണറുടെ പ്രതിനിധിക്ക് പുറമെ സർക്കാറിന്‍രെയും യുജിസിയുടേയും ഉന്നതവിദ്യാഭ്യാസ കൗൺസിലിന്‍റെയും സിന്‍ഡിക്കേറ്റിന്‍റെയും പ്രതിനിധികൾ സെർച്ച് കമ്മിറ്റിയിലുണ്ടാകുമെന്നാണ് സർക്കാർ അറിയിച്ചത്.

ഗവർണറുടെ അധികാരം വെട്ടാൻ നിയമസഭ പാസാക്കിയ നിയമഭേദഗതി അനുസരിച്ചാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നത്. എന്നാല്‍ ഇതിന് ഗവർണർ അംഗീകാരം നൽകിയിട്ടില്ല. ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലിൽ ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചിരുന്നു. ബിൽ രാഷ്ട്രപതിക്ക് അയക്കുന്നതിലെ സാധ്യതകൾ പരിശോധിച്ചുവരികയാണെന്നും ഇക്കാര്യത്തില്‍ തീരുമാനം എടുത്തില്ലെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.