ശാന്തിവനം : സമരക്കാര്‍ വൈദ്യുതി മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്ന ആവശ്യം തള്ളി എം.എം.മണി

Jaihind Webdesk
Friday, May 10, 2019

കൊച്ചിയിലെ ശാന്തിവനം സമരക്കാരുമായി വൈദ്യുതി മന്ത്രി എംഎം മണി നടത്തിയ ചര്‍ച്ച പരാജയം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്ന ആവശ്യം തള്ളിയ മന്ത്രി സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് സമര സമിതിയെ അറിയിക്കുകയായിരുന്നു.

ശാന്തിവനത്തിലൂടെ വൈദ്യുതി ലൈന്‍ വലിക്കുമെന്ന നിലപാടില്‍ വിട്ടുവീഴ്ച ഇല്ലെന്ന് കെഎസ്ഇബിയും തടയുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും നിലപാട് എടുത്ത സാഹചര്യത്തിലായിരുന്നു ശാന്തിവനം സമരക്കാരുമായി ചര്‍ച്ച നടത്തിയത്. ശാന്തിവനത്തെ ഒഴിവാക്കി മറ്റേതെങ്കിലും വഴിയിലൂടെ വൈദ്യുതി ലൈന്‍ സ്ഥാപിക്കണമെന്നാണ് സമരക്കാരുടെ നിലപാട്. ഇതേ ആവശ്യം സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും ഉന്നയിച്ചിരുന്നു. ശാന്തിവനത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നായിരുന്നു ശാന്തിവനം സംരക്ഷണ സമിതിയുടെ ആവശ്യം. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് കെഎസ്ഇബിയുടെ തീരുമാനം പുനഃപരിശോധിക്കുകയും ശാന്തിവനം സംരക്ഷിച്ചുകൊണ്ട് മന്നം ചെറായി 110 കെവി പദ്ധതി നടപ്പാക്കുകയും വേണമെന്നും സംരക്ഷണ സമിതി പറയുന്നു. എന്നാല്‍ നിലവില്‍ ശാന്തിവനത്തില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിനാവില്ലെന്ന് മന്ത്രി നിലപാട് എടുത്തതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ ചൊല്ലിയുള്ള സംഭവവികാസങ്ങളില്‍ അന്വേഷണം നടത്താമെന്ന് മന്ത്രി സമരസമിതിയെ അറിയിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഇടപെടാത്ത പക്ഷം ജൈവ സമ്പത്തിന് നേരെ നടക്കുന്ന അന്യായങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുവാന്‍ ഉതകുന്ന വിധത്തില്‍ ജനകീയ സമരം കൂടുതല്‍ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം