പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ല; രണ്ടാം ദിനവും അടിയന്തരപ്രമേയ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടി പിണറായി സര്‍ക്കാര്‍

Jaihind Webdesk
Thursday, March 2, 2023

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിന്നും ഒളിച്ചോടി സർക്കാർ. കെ.എസ്.ആര്‍.ടി.സി (KSRTC) യുമായി ബന്ധപ്പെട്ട് എം വിൻസെന്‍റ് എംഎൽഎ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷത്തിന്‍റെ അവകാശത്തെ ഹനിച്ചുകൊണ്ട് സർക്കാർ നീതിനിഷേധം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇന്നത്തെ സഭാ നടപടികൾ പൂർണ്ണമായും ബഹിഷ്കരിച്ചു.

കേരളത്തിൽ തെറ്റായ തൊഴിൽ സംസ്കാരത്തിന് തുടക്കം കുറിച്ചുകൊണ്ട് ജോലി ചെയ്യുന്നവർക്ക് പൂർണ്ണ വേതനം നൽകില്ല എന്ന കെ.എസ്.ആര്‍.ടി.സിയുടെ നിലപാട് കേരളത്തിലെ തൊഴിലാളി സമൂഹത്തിൽ സൃഷ്ടിക്കുന്ന ആശങ്ക സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ടാണ് എം
വിൻസെന്‍റ് എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണിതെന്നും രാവിലെ ചോദ്യോത്തരവേളയിൽ കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചത്. ഇതോടെ പ്രതിപക്ഷത്തിന്‍റെ അവകാശത്തെ സർക്കാർ തുടർച്ചയായി നിഷേധിക്കുന്നതായി ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയിൽ ശക്തമായ പ്രതിഷേധമാരംഭിച്ചു. പ്ലക്കാർഡുകളുമായി നടുത്തളത്തിൽ ഇറങ്ങി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. അടിയന്തിര പ്രമേയ ചർച്ചകളെ സർക്കാർ ഭയക്കുകയാണെന്നും സ്പീക്കർ മുഖ്യമന്ത്രിയെ ഭയന്ന് പ്രതിപക്ഷ അവകാശം ഹനിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇതിൽ പ്രതിഷേധിച്ച് ഇന്നത്തെ സഭാ നടപടികൾ പ്രതിപക്ഷം പൂർണമായും ബഹിഷ്ക്കരിച്ചു.

പ്രതിപക്ഷ ചോദ്യ ശരങ്ങളെ ഭയന്ന് തുടർച്ചയായ രണ്ടാം ദിനവും അടിയന്തിര പ്രമേയത്തിൽ നിന്നും സർക്കാർ ഓടി ഒളിക്കുന്ന കാഴ്ചയാണ് ഇന്നും സഭയിൽ കാണുവാനായത്. ഇക്കുറി
സഭാ സമ്മേളനം പുനഃരാരംഭിച്ച ശേഷം ആദ്യ രണ്ടുദിനങ്ങളിൽ പോലീസ് അതിക്രമത്തിലും ലൈഫ് മിഷൻ കോഴ വിവാദത്തിലും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയങ്ങൾക്കു മുന്നിൽ സർക്കാരിന് സഭയ്ക്കുള്ളിൽ മുട്ടുമടക്കേണ്ടി വന്നിരുന്നു. ഉത്തരംമുട്ടിയപ്പോൾ മന്ത്രിമാർ ഉൾപ്പെടെ ബഹളമുണ്ടാക്കി സഭാ നടപടി സ്തംഭിപ്പിച്ച് തടിയൂരിയ ഭരണപക്ഷം കഴിഞ്ഞ രണ്ടു ദിവസമായി അടിയന്തര പ്രമേയ നോട്ടീസ് തന്നെ നിഷേധിച്ച് ചർച്ചകളിൽ നിന്നും ഒളിച്ചോടുകയാണ്. ഈ നില തുടർന്നാൽ സഭാ നടപടികളുമായി ഒരു വിധത്തിലും സഹകരിക്കാതെയുള്ള ശക്തമായ പ്രതിഷേധങ്ങളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പാണ് പ്രതിപക്ഷം നൽകുന്നത്.