ഗോവിന്ദൻ മാഷ് തീർത്തുകളയുമെന്ന് പറഞ്ഞു; നാടു വിടാന്‍ 30 കോടി; മരണം ഉറപ്പായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ്

Jaihind Webdesk
Thursday, March 9, 2023

തിരുവനന്തപുരം : ഫെയ്സ്ബുക്ക് ലൈവില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ്. കണ്ണൂരില്‍ നിന്ന് വിജയ് പിള്ള എന്നൊരാള്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ചു. ബെംഗളൂരുവില്‍ നിന്ന് ജയ്പൂരിലേക്കോ ഹരിയാനയിലേക്കോ മാറണമെന്നും അതിനായി 30 കോടി രൂപ വാഗ്ദാനം ചെയ്തു. പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞപ്രകാരമാണ് വിളിക്കുന്നതെന്നും വിജയ് പിള്ള പറഞ്ഞു. മുഖ്യമന്ത്രിക്കും ഭാര്യയ്ക്കുമെതിരായ തെളിവുകള്‍ കൈമാറാന്‍ ആവശ്യപ്പെട്ടു. സഹകരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിച്ചു.

‘‘ഹരിയാന, ജയ്പുർ എന്നിവിടങ്ങളിലേക്ക് മാറണമെന്ന് വിജയ്‍‌ പിള്ള പറഞ്ഞു.  10 കോടി തരാം എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് അത് 30 കോടിയാക്കി. എം.വി.ഗോവിന്ദനും മുഖ്യമന്ത്രിയും എല്ലാ സഹായവും നൽകും.കള്ളപാസ്പോർട്ട് ഉണ്ടാക്കി തന്ന് മലേഷ്യയിലേക്ക് മാറാൻ എല്ലാ സഹായവും ചെയ്യാമെന്ന് പറ‌ഞ്ഞു. പിന്നെ ജീവിച്ചിരിക്കുന്നത് പോലും ആരും അറിയാൻ പാടില്ല. മരണം ഉറപ്പാണെന്ന് അതിൽനിന്ന് എനിക്ക് ഉറപ്പായി. ഗോവിന്ദൻ മാഷ് തീർത്തുകളയുമെന്നും  പറഞ്ഞു.

വിജയ് പിള്ളയ്ക്ക് ഇഡി സമൻസ് അയച്ചിട്ടുണ്ടെന്നാണ് വിവരം. ഒരു തരത്തിലുള്ള ഒത്തുതീർപ്പിനും തയാറല്ല. അവസാനശ്വാസം വരെ പൊരുതും. തന്നെ കൊല്ലണമെങ്കിൽ എം.വി.ഗോവിന്ദന് നേരിട്ട് വന്ന് ചെയ്യാം. എന്നെ കൊന്നാലും തന്‍റെ  കുടുംബവും വക്കീലും ഈ കേസുമായി മുന്നോട്ടുപോകും. എനിക്ക് 30 കോടിയും 100 കോടിയും ആവശ്യമില്ല. ബെംഗളൂരുവിൽനിന്ന് പോകാൻ സാധിക്കില്ല. കര്‍ണാടക മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇഡിക്കും പരാതി നല്‍കിയെന്നും സ്വപ്ന ഫേസ് ബുക്കില്‍ പറഞ്ഞു.

ഒത്ത് തീര്‍പ്പിന് വഴങ്ങുമെന്ന് പിണറായി വിജയൻ കരുതരുത്. എന്തു വന്നാലും പിണറായി വിജയനെതിരായ സത്യങ്ങൾ പുറത്ത് കൊണ്ടുവരും. “ഞാന്‍ ഇതില്‍ നിന്ന് പിന്മാറില്ല. മുഖ്യമന്ത്രിയുടെ അനധികൃത സാമജ്രം തകര്‍ക്കും. കേരളത്തെ വിറ്റു തുലച്ച് മകളുടെ ബിസിനസ്സ് സാമ്രാജ്യം ഉയര്‍ത്താന്‍ സമ്മതിക്കില്ലെന്നും സ്വപ്ന പറഞ്ഞു.

ഫെയ്‌സ്ബുക്കിൽ വരുന്നു എന്ന് മലയാളത്തിൽ എഴുതിയത് മകളാണ്. എനിക്ക് മലയാളം എഴുതാൻ അറിയില്ല.അത് ഗൂഢാലോചനയാണെന്ന് ഇനി പറയരുത് എന്നും സ്വപ്ന പറഞ്ഞു.

വിജയ് പിള്ളയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ഇമെയിലും പുറത്തുവിട്ടിട്ടുണ്ട്.