സർവകലാശാലകളിലെ രാഷ്ട്രീയവത്ക്കരണം: ഗവർണറുടെ വിമർശനത്തില്‍ സർക്കാരിന് മറുപടിയില്ല; മൗനം

Jaihind Webdesk
Sunday, December 12, 2021

തിരുവനന്തപുരം : സര്‍വകലാശാലകളുടെ രാഷ്ട്രീയവത്ക്കരണത്തിലെ ഗവര്‍ണറുടെ രൂക്ഷ വിമര്‍ശനത്തിന് മറുപടി പറയാതെ സര്‍ക്കാര്‍. ഗവര്‍ണറുടെ കത്ത് പുറത്തുവന്ന് ഒരുദിവസം പിന്നിടുമ്പോഴും ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല. ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരാനാണ് തീരുമാനം.

കണ്ണൂര്‍ സര്‍വകലാശാലാ വിസി നിയമനത്തിന് പിന്നാലെയാണ് കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ സർക്കാരിനെതിരെ രംഗത്തെത്തിയത്. പുനർനിയമനത്തില്‍ തന്‍റെ നീതിബോധം വിട്ട് പ്രവര്‍ത്തിക്കേണ്ടി വന്നുവെന്നും അതിനുശേഷം താന്‍ അങ്ങേയറ്റം അസ്വസ്ഥനാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. നിലവിലുള്ള വിസിക്ക് പുനര്‍നിയമനം നല്‍കിയത് വിവാദം ഒഴിവാക്കാനായിരുന്നുവെന്നും ഗവർണർ പറഞ്ഞു.

മുഖ്യമന്ത്രി നിയോഗിച്ച നിയമോപദേഷ്ടാവിനോട് പുനര്‍നിയമനമെന്നാല്‍ നിലവിലുള്ളയാള്‍ക്ക് കാലാവധി നീട്ടിക്കൊടുക്കലല്ലെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍, അഡ്വക്കേറ്റ് ജനറലിന്‍റെ (എജി) അഭിപ്രായമനുസരിച്ചാണ് പുനര്‍നിയമനം ആവശ്യപ്പെടുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. എജിയുടേതെന്നു പറഞ്ഞ് തന്ന നിയമോപദേശത്തില്‍ ആരുടെയും ഒപ്പില്ലായിരുന്നു. എജിയുടെ അഭിപ്രായമെങ്കില്‍ ഒപ്പിട്ട് തരണമെന്ന് താന്‍ നിര്‍ദേശിച്ചു. അന്ന് വൈകിട്ടുതന്നെ അദ്ദേഹം എജിയുടെ ഒപ്പും സീലും വെച്ചുതന്നു. പുനര്‍നിയമനം നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് അറിയാമായിരുന്നിട്ടും സര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ താത്പര്യമില്ലായിരുന്നതിനാലും വിവാദം ഒഴിവാക്കാനുമാണ് നിയമന ഉത്തരവില്‍ ഒപ്പിട്ടതെന്നും ഗവർണർ കത്തില്‍ വിവരിച്ചു.

മുഖ്യമന്ത്രിക്ക് ചാൻസലറായി സർവകലാശാലകളിൽ രാഷ്ട്രീയ നിയമനം നടത്താമെന്നും തനിക്ക് അതിനു കഴിയില്ലെന്നും ഗവർണർ വ്യക്തമാക്കി. ചാൻസലർ പദവി മുഖ്യമന്ത്രിക്ക് ഏറ്റെടുക്കാമെന്നും സർക്കാറിന്‍റെ രാഷ്ട്രീയ നിയമനങ്ങൾക്ക് കൂട്ട് നിൽക്കില്ലെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. നിങ്ങൾക്ക് നിയമം കൊണ്ട് വന്ന് ചാൻസലറാകാമെന്നും താൻ അതിൽ ഒപ്പിട്ടു തരാമെന്നും ഗവർണർ പറഞ്ഞു. കണ്ണൂർ വിസിയുടെ പുനർനിയമനം ചട്ടം പാലിച്ചല്ലെന്നും സർവകലാശാലയ്ക്ക് സർക്കാർ നിലപാടിന് വഴങ്ങേണ്ടി വന്നുവെന്നും ഗവർണർ കുറ്റപ്പെടുത്തി. എട്ടാം തീയതിയാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ചാൻസലർ പദവിയിൽ നിന്നും തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.