പ്രതിഷേധം ഭയന്ന് പൊതുപരിപാടികളില്‍ നിന്ന് പിന്മാറി ഗവർണർ

Jaihind News Bureau
Sunday, January 19, 2020

കോഴിക്കോട്: പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊതുപരിപാടിയില്‍ നിന്ന് പിന്‍വാങ്ങി ഗവർണർ. ഡിസി ബുക്സ് കോഴിക്കോട് സംഘടിപ്പിക്കുന്ന ലിറ്റററി ഫെസ്റ്റിവലില്‍ നിന്നാണ്  ഗവർണർ പിന്മാറിയത്. തുറന്ന വേദിയിലെ പരിപാടി ആയതിനാലാണ് പരിപാടിയില്‍ നിന്ന് പിന്മാറുന്നതെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചത്. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ പിന്‍വാങ്ങിയതെന്ന് രവി ഡിസി വ്യക്തമാക്കി.

ഇന്ന് വൈകിട്ട് അഞ്ച് മണിക്കായിരുന്നു ‘ ഇന്ത്യന്‍ ഫെഡറലിസം’ എന്ന വിഷയത്തിലുള്ള സംവാദത്തില്‍ ഗവര്‍ണര്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ തുറന്ന വേദിയിലുള്ള പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ഗവർണറുടെ ഓഫീസ് സംഘാടകരായ ഡിസി ബുക്സിനെ അറിയിക്കുകയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിലെ ഗവർണറുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. ഇത് കണക്കിലെടുത്താണ് ഗവർണറുടെ പിന്മാറ്റമെന്നാണ് ലഭിക്കുന്ന വിവരം.

പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസും മുന്നറിയിപ്പ് നല്‍കി.  തുറന്ന വേദി മാറ്റി മറ്റൊരു വേദി കണ്ടെത്താന്‍ സംഘാടകര്‍ ശ്രമിച്ചെങ്കിലും ഗവർണറുടെ ഓഫീസ് നിലപാട് മാറ്റാന്‍ തയാറായില്ല. നേരത്തെ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുത്തപ്പോള്‍ ഗവർണര്‍ക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ചരിത്രകാരനും ഇന്ത്യൻ ചരിത്ര കോൺഗ്രസ് മുൻ അധ്യക്ഷനുമായ ഇർഫാൻ ഹബീബ് ഗവർണർ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ വേദിയിലെത്തി ചോദ്യം ചെയ്തിരുന്നു. സദസില്‍ നിന്നും ഗവർണര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.  ഇതെല്ലാം കണക്കിലെടുത്താണ് ഗവർണറുടെ പിന്മാറ്റം എന്നാണ് വിലയിരുത്തപ്പെടുന്നത്.