‘അധിക്ഷേപം തുടർന്നാല്‍ മന്ത്രിസ്ഥാനം റദ്ദാക്കും’; മുന്നറിയിപ്പുമായി ഗവർണർ

Jaihind Webdesk
Monday, October 17, 2022

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാര്‍ അധിക്ഷേപിക്കുന്നത് തുടര്‍ന്നാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടിയെടുക്കാന്‍ മടിക്കില്ലെന്ന് ഗവർണർ വ്യക്തമാക്കി. ട്വീറ്റിലൂടെയാണ് ഗവർണറുടെ മുന്നറിയിപ്പ്.

‘മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും’ – ഗവർണർ ട്വീറ്റ് ചെയ്തു.

വിവിധ വിഷയങ്ങളില്‍ പോര് കനക്കുന്നതിനിടെയാണ് ഗവർണറുടെ മുന്നറിയിപ്പ്. തന്‍റെ നിര്‍ദേശപ്രകാരം വിളിച്ച സെനറ്റ് യോഗത്തില്‍ പങ്കെടുക്കാത്ത 15 അംഗങ്ങളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയോഗ്യരാക്കിയിരുന്നു. ഇതിന് പിന്നാലെ കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, കൊച്ചി സര്‍വകലാശാലകളോട് പ്രൊഫസര്‍ തസ്തികയില്‍ പത്തുവര്‍ഷം പൂർത്തിയാക്കിയ അധ്യാപകരുടെ വിവരങ്ങളും ഗവര്‍ണര്‍ തേടിയിരുന്നു. പ്രൊഫസര്‍ക്ക് വിസിയുടെ താത്കാലിക ചുമതല നല്‍കാനാണ് ഗവർണറുടെ നീക്കമെന്നാണ് സൂചന.