ഒപ്പിടാത്ത ബില്ലുകളില്‍ വ്യക്തത തേടി ഗവർണർ; മന്ത്രിമാർ നേരിട്ടെത്തി വിശദീകരിക്കണം

Jaihind Webdesk
Friday, February 17, 2023

തിരുവനന്തപുരം: മാസങ്ങൾക്ക് മുമ്പ് നിയമസഭ പാസാക്കിയെങ്കിലും ഇനിയും ഒപ്പിട്ടിട്ടില്ലാത്ത ബില്ലുകളിൽ ഗവർണർ
കൂടുതൽ വ്യക്തത തേടി. മന്ത്രിമാർ രാജ്ഭവനിൽ നേരിട്ടെത്തി ബില്ലുകളിൽ കൂടുതൽ വിശദീകരണം നൽകണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. ഭരണപരമായ കാര്യങ്ങൾ മുഖ്യമന്ത്രി നേരിട്ട് അറിയിക്കാത്തതിലുള്ള അതൃപ്തിയും ഗവർണർ രേഖപ്പെടുത്തിയിട്ടുണ്ട്.

നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിട്ടില്ലെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് കഴിഞ്ഞദിവസം മുഖ്യമന്ത്രി നൽകിയ കത്തിനുള്ള മറുപടിയിലാണ് ഗവർണറുടെ പുതിയ നിർദ്ദേശം. ബില്ലിൽ തനിക്കുള്ള സംശയങ്ങളിൽ വകുപ്പ് സെക്രട്ടറിമാർക്കൊപ്പം മന്ത്രിമാർ നേരിട്ടെത്തി വിശദീകരണവും വ്യക്തതയും വരുത്തണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ചില മന്ത്രിമാർ ഗവർണർ ഡൽഹിയിൽ ആയിരുന്നപ്പോൾ അദ്ദേഹത്തെ അവിടെ വെച്ച് കണ്ട് തങ്ങളുടെ വകുപ്പുമായി ബന്ധപ്പെട്ട ബില്ലുകളുടെ കാര്യം ചർച്ച ചെയ്തിരുന്നു. എന്നാൽ ഇതു പോരാ മന്ത്രിമാർ നേരിട്ട് രാജ്ഭവനിൽ എത്തി കൂടുതൽ വിശദീകരണം നൽകണമെന്ന നിർദ്ദേശമാണ് ഗവർണർ നൽകിയിരിക്കുന്നത്. ലോകായുക്ത, സർവകലാശാല നിയമവും ഭേദഗതിയും ഉൾപ്പെടെയുള്ള എട്ടു ബില്ലുകൾ ആണ് ഒപ്പിടാതെ രാജ്ഭവനിലുള്ളത്.

നിയമസഭ മാസങ്ങൾക്ക് മുമ്പ് പാസാക്കിയ ഈ ബില്ലുകൾ ഏറെക്കാലമായി രാജ്ഭവനിൽ ഇരിക്കുന്നതായി കത്തിൽ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ മാറ്റിവെക്കുന്ന ഗവർണറുടെ നിലപാടിനെതിരെ സർക്കാർ കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി ഇത്തരത്തിൽ ഒരു കത്ത് എഴുതിയതെന്ന സൂചനയും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഗവർണർ ബില്ലുമായി ബന്ധപ്പെട്ട സംശയങ്ങൾ മന്ത്രിമാർ നേരിട്ടെത്തി വിശദീകരിക്കാൻ നിർദ്ദേശം നൽകിയത്. താനുമായി ബന്ധപ്പെട്ടതായതിനാൽ സർവകലാശാല ഭേദഗതി ബിൽ ഒപ്പിടില്ലെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭരണപരമായ കാര്യങ്ങൾ മുഖ്യമന്ത്രി നേരിട്ട് അറിയിക്കാത്തതിലുള്ള അതൃപ്തിയും ഗവർണർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും ഗവർണറുമായുള്ള ഇത്തരം ചർച്ചകൾ ഏറെക്കാലമായി നടക്കുന്നില്ലെന്നാണ് ഗവർണർ സർക്കാരിനെ അറിയിച്ചിട്ടുള്ളത്.