സർക്കാർ അദാനിക്കൊപ്പം; വിഴിഞ്ഞം സമരത്തോടുള്ള സമീപനം തെറ്റെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, August 26, 2022

തിരുവനന്തപുരം : വിഴിഞ്ഞം സമരത്തിൽ സർക്കാരിന്റെ സമീപനം തെറ്റെന്ന് പ്രതിപക്ഷ നേതാവ്. തുറമുഖത്തിൻ്റെ നിർമാണം പുരോഗമിക്കുമ്പോൾ തീരശോഷണം കൂടും. എന്നാൽ പുനരധിവാസം സർക്കാർ നടപ്പിലാക്കുന്നില്ല. സർക്കാർ അദാനിയോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു. ചർച്ച ചെയ്തു പ്രശ്നം പരിഹരിക്കുന്നതിനോ ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനോ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. എല്ലാ സമരത്തെയും പോലെ ഈസമരവും ഗൂഢാലോചനയാണെന്നാണ് സർക്കാർ വാദം. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിലേയും എ കെ ജി സെൻ്ററിലേയും സ്ഥിരം വാചകമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

പ്രതിപക്ഷ നേതാവ് പറഞ്ഞത്:

പരിതാപകരമായ അവസ്ഥയിലാണ് വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ സമരം ചെയ്യുന്നത്. വലിയതുറയില്‍ മാത്രം അഞ്ച് വരി വീടുകളാണ് കടലെടുത്തത്. വലിയ തുറയില്‍ സിമന്‍റ് ഗോഡൗണില്‍ കഴിയുന്നവരെ വാടക വീടുകളിലേക്കെങ്കിലും മാറ്റാന്‍ സര്‍ക്കാര്‍ തയാറാകണം. അതിനു ശേഷം സ്ഥിരമായി പുനരധിവസിപ്പിക്കണം. അതിനൊന്നും സര്‍ക്കാര്‍ തയാറല്ല. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളെ ഗൗരവത്തില്‍ എടുക്കുന്നതിന് പകരം സമരം സര്‍ക്കാരിന് എതിരാണെന്ന നിലപാടില്‍ പോകുന്നത് ശരിയല്ല. മത്സ്യത്തൊഴിലാളികളുമായി നേരിട്ട് ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. സര്‍ക്കാരിന്‍റെ കൂടി അറിവോടെയാണ് അദാനി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സമരത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സര്‍ക്കാരും അദാനിയും നടത്തുന്നത്. സമരത്തില്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

തുറമുഖ നിര്‍മ്മാണമല്ല, ആഗോളതലത്തിലുണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് തീരശോഷണത്തിന് കാരണമെന്നാണ് അദാനി പറയുന്നത്. അദാനിയുടെ ഇതേ നിലപാട് തന്നെയാണ് മുഖ്യമന്ത്രി നിയമസഭയിലും വ്യക്തമാക്കിയത്. തുറമുഖ നിര്‍മ്മാണമാണ് തീരശോഷണത്തിന് കാരണമെന്നതാണ് യുഡിഎഫ് നിലപാട്. തുറമുഖം കൊണ്ടുവന്ന യുഡിഎഫ് സര്‍ക്കാരിനും ഇതേ നിലപാട് തന്നെയായായിരുന്നു. തുറമുഖ നിര്‍മ്മാണം പുരോഗമിക്കുമ്പോള്‍ തീരദേശത്തെ മൂവായിരത്തോളം വീടുകളെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്‍കൂട്ടി കണ്ടതുകൊണ്ടാണ് 471 കോടിയുടെ നഷ്ടപരിപരിഹാര പാക്കേജിന് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഈ പുനരധിവാസ പദ്ധതി നടപ്പാക്കാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ അദാനിക്കൊപ്പം കൂടിയിരിക്കുകയാണ്. ഇതുകൂടാതെ മത്സ്യത്തൊഴിലാളികളുടെ സമരം ഗൂഢാലോചനയാണെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. സര്‍ക്കാരിനെതിരെ ആര് സമരം ചെയ്താലും അവരൊക്കെ മാവോയിസ്റ്റുകളും നക്‌സലൈറ്റുകളുമൊക്കെയാണെന്നത് സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും സ്ഥിരം നിലപാടാണ്.