പുതിയ ചാന്‍സിലർ സംവിധാനം വെള്ളാനയായി മാറും; സർവകലാശാലകളെ കൈപ്പിടിയില്‍ ഒതുക്കാന്‍ സര്‍ക്കാർ ശ്രമം: വി.ഡി സതീശന്‍

Jaihind Webdesk
Tuesday, December 13, 2022

 

തിരുവനന്തപുരം: സർവകലാശാലകളെ കൈപ്പിടിയില്‍ ഒതുക്കാനാണ് സര്‍ക്കാർ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ബില്ലില്‍ പ്രതിപക്ഷത്തിന്‍റെ ഭേദഗതികള്‍ അംഗീകരിക്കാത്തത് ഇതുകൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന്‍റെ പാവകളെ ചാൻസിലറാക്കാനാണ് നീക്കമെന്നും പ്രതിപക്ഷ നേതാവ് മീഡിയാ റൂമില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചാന്‍സിലർ നിയമനത്തില്‍ പൂർണ്ണമായ മാർക്സിസ്റ്റ് വത്ക്കരണം നടക്കുമെന്ന ഭയത്താൽ ആണ് പ്രതിപക്ഷം ക്രിയാത്മ നിർദ്ദേശം മുന്നോട്ടുവെച്ചത്. ദേശീയ തലത്തിലെ സംഘിവത്ക്കരണം പോലെ അപകടകരമാണ് കേരളത്തിലെ മാർക്സിസ്റ്റ് വത്ക്കരണം. ചാന്‍സിലർമാരെ തന്നിഷ്ടം പോലെ വെക്കാവുന്ന വ്യവസ്ഥകളാണ് ബില്ലിൽ ഉള്ളത്. പുതിയ ചാൻസിലർ സംവിധാനം വെള്ളാനയായി മാറുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷവുമായി കൂടിയാലോചിക്കാതെയാണ് ബില്‍ കൊണ്ടുവന്നത്. സർവകലാശാലകളെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമാണെന്നും ഭാവിയില്‍ ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സംഘിവൽക്കരണം പോലെ അപകടകരമാണ് മാർക്സിസ്റ്റ് വത്ക്കരണം. രാഷ്ട്രീയവത്ക്കരണം ഉന്നതവിദ്യാഭ്യാസമേഖലയെ തകർത്തു. ചാൻസിലർ സ്ഥാനത്തുനിന്ന് ഒഴിയാമെന്ന് ഗവർണർ സമ്മതിച്ചതാണ്. അനുനയിപ്പിക്കാൻ മുഖ്യമന്ത്രി മൂന്ന് കത്തെഴുതി. മൂന്നാമത്തെ കത്തിലെ വാചകങ്ങൾ ഗവർണർ നിർദേശിച്ചത് അനുസരിച്ചായിരുന്നു. ഇനി സർവകലാവിഷയങ്ങളിൽ സർക്കാർ ഇടപെടില്ലെന്ന് രേഖാമൂലം മുഖ്യമന്ത്രി എഴുതി കൊടുക്കുകയായിരുന്നെന്നും വി.ഡി സതീശൻ പറഞ്ഞു.