സ്വര്‍ണ്ണക്കടത്ത് : ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

Jaihind Webdesk
Wednesday, July 7, 2021

കൊച്ചി : കരിപ്പൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും.  രാവിലെ പത്ത് മണിക്ക് കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിൽ ഹാജരാകാനാണ് ഷാഫിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുന്നത്.

സ്വർണ്ണക്കടത്ത് സംഘങ്ങളെ നിയന്ത്രിച്ചതും ഇവർക്ക് സംരക്ഷണം ഒരുക്കി നൽകിയതും ഷാഫി അടക്കമുള്ള ടി.പി കേസ് പ്രതികളാണെന്ന് കസ്റ്റംസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ഷാഫിയുടെ വസതിയിൽ കസ്റ്റംസ് നടത്തിയ റെയ്ഡിൽ ഇലക്ട്രോണിക്സ് തെളിവുകൾ ലഭിച്ചതായി കസ്റ്റംസ് റിപ്പോർട്ടിലുണ്ട്. പൊലീസ് യൂണിഫോമിലെ നക്ഷത്രവും ഷാഫിയുടെ വസതിയിൽ നിന്നും പിടിച്ചെടുത്തിരുന്നു.

സ്വർണ്ണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണ സംഘത്തിന് ടി.പി വധക്കേസ് പ്രതികളായ ഷാഫി, കൊടി സുനി ഉൾപ്പെടെയുള്ളവരുടെ പങ്കിനെക്കുറിച്ച് വിവരം ലഭിച്ചത്.