സ്വർണ്ണക്കടത്ത് : എല്‍.ഡി.എഫ് കൗൺസില‍ർ കാരാട്ട് ഫൈസല്‍ കസ്റ്റംസ് കസ്റ്റഡിയില്‍

Jaihind News Bureau
Thursday, October 1, 2020

കോഴിക്കോട് : തിരുവനന്തപുരം സ്വ‍ർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ ഇടതുമുന്നണി കൗൺസില‍ർ കാരാട്ട് ഫൈസലിന്‍റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. പുല‍ർച്ചെ നാല് മണിയോടെ ഫൈസലിന്‍റെ വീട്ടിലെത്തിയാണ് കസ്റ്റംസ് കൊച്ചി യൂണിറ്റിലെ ഉദ്യോ​ഗസ്ഥർ  റെയ്ഡ് നടത്തിയത്. റെയ്ഡിന് പിന്നാലെ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

കാരാട്ട് റസാഖ് എം.എല്‍.എയുടെ ബന്ധുവാണ്കാരാട്ട് ഫൈസല്‍. അതീവ രഹസ്യമായിട്ടാണ് കസ്റ്റംസ്കസ്റ്റംസ് പ്രിവന്‍റീവ് വിഭാ​ഗം റെയ്ഡിനെത്തിയത്.  മുസ്ലീം യൂത്ത് ലീ​ഗ് ഫൈസലിന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാ‍ർച്ച് നടത്തുന്നുമെന്ന് അറിയിച്ചിട്ടുണ്ട്. കാരാട്ട് റസാഖിന്‍റെ ഫോണിലെ വിവരങ്ങള്‍ കസ്റ്റംസ് ശേഖരിക്കുന്നുണ്ട്. നേരത്തെ സ്വ‍ർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എയും കൊടുവള്ളിയിൽ റെയ്ഡ് നടത്തിയിരുന്നു.

വിവാദമായ കൂപ്പർ സംഭവത്തിലും ഫൈസല്‍ വാർത്തയില്‍ ഇടംപിടിച്ചിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിച്ച ജനജാഗ്രതാ യാത്രയ്ക്ക് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെ സഞ്ചരിച്ച മിനി കൂപ്പര്‍ കാര്‍ ഫൈസലിന്‍റേതായിരുന്നു. ഇതിനെ ചൊല്ലിയാണ് വിവാദമുണ്ടായത്. അന്ന് മറ്റൊരു സ്വര്‍ണ്ണക്കടത്ത് കേസില്‍ ഏഴാം പ്രതിയായിരുന്നു ഫൈസല്‍.