‘സ്വർണ്ണക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം? ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല’ : ബെന്നി ബഹനാന്‍ എം.പി | Video

Jaihind News Bureau
Monday, July 6, 2020

കേരളം അടുത്തിടെ കണ്ട ഏറ്റവും വലിയ സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് യു.ഡി.എഫ് കണ്‍വീനർ ബെന്നി ബഹനാന്‍ എം.പി. മുഖ്യമന്ത്രിയുടെ സെക്രട്ടറിക്ക് സ്വർണ്ണക്കടത്തുകാരുമായുള്ള ബന്ധം  ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു. സ്വർണ്ണക്കടത്തിലെ ആസൂത്രകയായ സ്വപ്ന സുരേഷിനെ യു.എ.ഇ കൗൺസിലേറ്റിൽ നിന്ന് ആരോപണവിധേയയായി പുറത്താക്കിയതാണ്. ഇത്തരത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളെ മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐ.ടി വകുപ്പിൽ നിയമിക്കുമ്പോൾ അത് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ സെക്രട്ടറി കൂടിയായ ഐ.ടി സെക്രട്ടറി എം ശിവശങ്കറും സ്വപ്‌നാ സുരേഷുമായുള്ള ബന്ധത്തിന്‍റെ വിശദാംശങ്ങൾ ഇന്ന് മാധ്യമങ്ങളിൽ കൂടി പുറത്തുവന്നിട്ടുണ്ട്. കള്ളക്കടത്തിന്‍റെ ആസൂത്രകരായ ഇത്തരം ആൾക്കാരുമായി മുഖ്യമന്ത്രിയുടെ സെക്രട്ടറി്ക്ക് അടുത്ത ബന്ധമാണുള്ളത്. മാത്രമല്ല, മുഖ്യമന്ത്രിയുമായി ഇവർക്കുള്ള ബന്ധവും ചിത്രങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നു.

ഡിപ്ലോമാറ്റ് ബാഗേജിൽ പോലും സ്വർണ്ണം കടത്തുന്ന ഈ കള്ളക്കടത്ത് സംഘത്തെ സംരക്ഷിക്കുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസും സെക്രട്ടറിയും ബന്ധപ്പെട്ടിരിക്കുന്നു. കള്ളക്കടത്തിന്‍റെ മുഖ്യ ആസൂത്രകയായ സ്വപ്‌നയും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള ബന്ധമാണ് ഏറ്റവും ഗൗരവകരമായി അന്വേഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.