സ്വർണ്ണക്കടത്ത് കേസ്: സ്വപ്നയും സന്ദീപും റിമാന്‍ഡില്‍; കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും

Jaihind News Bureau
Sunday, July 12, 2020

കൊച്ചി : തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സന്ദീപിനേയും സ്വപ്‌നാ സുരേഷിനേയും കൊച്ചിയിലെ എന്‍.ഐ.എ കോടതി റിമാന്‍ഡ് ചെയ്തു. ഇരുവരെയും ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് അയച്ചു. ഇന്ന് ഉച്ചയോടെയാണ് രണ്ട് പ്രതികളെയും ബംഗളുരുവിൽ നിന്നും കൊച്ചി എൻ.ഐ.എ ഓഫീസിലെത്തിച്ചത്

സംസ്ഥാന അതിർത്തിയായ വാളയാർ മുതൽ കൊച്ചി വരെയുള്ള സ്ഥലങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധം. ഒടുവിൽ 2 മണിയോടെ കള്ളക്കടത്ത് കേസിൽ പിടിയിലായ സ്വപ്നാ സുരേഷിനേയും സന്ദീപ് നായരേയും കൊണ്ട് എൻ.ഐ.എ ഉദ്യോഗസ്ഥർ കൊച്ചി ഓഫീസിലെത്തി. ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാർക്ക് നേരെ പോലീസിന്‍റെ ക്രൂര മർദ്ദനം. രണ്ട് മണിക്കൂർ നേരം പ്രതികളെ എൻ.ഐ.എ ഓഫീസിൽ നിർത്തി നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കലൂരിലെ എൻ.ഐ.എ കോടതിയിൽ എത്തിച്ചു. അര മണിക്കൂർ നേരത്തെ കോടതി നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഇരുവരെയും മൂന്ന് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തുടർന്ന് കോവിഡ് പ്രോട്ടോകോൾ പ്രകാരം ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച ഇരുവരുടേയും വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് എന്‍.ഐ.എ സംഘം യാത്ര തുടര്‍ന്നത്. ഏകദേശം 45 മിനിറ്റോളം പരിശോധനയ്ക്കായി ഇവിടെ ചെലവഴിച്ചു. ഇരുവരുടെയും കോവിഡ് പരിശോധന ഫലം നാളെ പുറത്ത് വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം എൻ.ഐ.എ കോടതി നാളെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നുണ്ട്. പത്ത് ദിവസത്തേക്ക് ഇരുവരെയും കസ്റ്റഡിയിൽ വേണമെന്നാണ് എൻ.ഐ.എ ആവശ്യപ്പെട്ടിട്ടുള്ളത്. കേസിലെ മുഖ്യപ്രതികളായ ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിലൂടെ കേസിന്‍റെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് എൻ.ഐ.എയുടെ പ്രതീക്ഷ.