ഗെയില്‍ പദ്ധതിയുടെ പേരില്‍ ഉപയോഗശൂന്യമാക്കിയത് ഏക്കർ കണക്കിന് കൃഷിയിടങ്ങള്‍ ; അധികൃതരുടെ അനാസ്ഥക്കെതിരെ കോണ്‍ഗ്രസിന്‍റെ പ്രതിഷേധ ധർണ്ണ

Jaihind News Bureau
Sunday, January 3, 2021

 

കോഴിക്കോട് : നടുവണ്ണൂരിൽ ഗെയിൽ പദ്ധതിക്ക് എന്ന പേരിൽ ഏക്കർ കണക്കിന് വരുന്ന കൃഷിയിടങ്ങൾ ഉപയോഗ ശൂന്യമാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗെയിൽ അധികൃതരുടെ അനാസ്ഥക്കെതിരെ കോൺഗ്രസിന്‍റെ ആഭിമുഖ്യത്തിൽ പ്രദേശത്ത് പ്രതിഷേധ ധർണ്ണ നടത്തി.

കോഴിക്കോട് കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ 17, 18, 19 വാർഡുകളിലെ പുഞ്ചകൃഷി ചെയ്തിരുന്ന 90 ഹെക്ടർ നെൽവയൽ കഴിഞ്ഞ അഞ്ച് വർഷമായി കൃഷി ചെയ്യാൻ പറ്റാതെ ഉപയോഗ്യശൂന്യമായി കിടക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും ജില്ലാ കളക്ടർക്കും ഗെയിൽ ഇന്ത്യ ലിമിറ്റഡ് മാനേജർക്കും ഹരിതം പാഠശേഖര സമിതി നിവേദനം നൽകിയിട്ടും ഉദ്ഘാടനത്തിരക്കിലായ സർക്കാർ കർഷകരുടെ പ്രശ്നത്തിന് പരിഹാരം കണ്ടില്ല.

വലിയ ഗർത്തങ്ങൾ രൂപപ്പെട്ട നെൽവയൽ കൃഷിയോഗ്യമാക്കി കൊടുക്കുക, സ്ഥലം ഏറ്റെടുത്ത മുഴുവൻ കർഷകർക്കും ധനസഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഗെയിൽ കോട്ടൂർ വാൽവ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കെ.പി.സി.സി നിർവാഹക സമിതിയംഗം കെ രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കർഷകരെ പ്രതിസന്ധിയിലാക്കിയ ഈ നടപടിയിൽ ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.