കേരളം കണ്‍സല്‍ട്ടന്‍സികളുടെയും ഉപദേശകരുടേയും പറുദീസയായി മാറി; ഇ-മൊബിലിറ്റി വിഷയത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും കള്ളം പറയുന്നു : ജി.ദേവരാജന്‍

Jaihind News Bureau
Thursday, July 2, 2020

ഇ-മൊബിലിറ്റി പദ്ധതിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഇടതു രാഷ്ട്രീയത്തിനു നിരക്കുന്നതല്ലെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും ജനങ്ങളെ കബളിപ്പിക്കുവാന്‍ കള്ളം പറയുകയാണെന്നും ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍.

കേരളം കണ്‍സല്‍ട്ടന്‍സികളുടെയും ഉപദേശകരുടേയും പറുദീസയായി മാറിയിരിക്കുകയാണ്. ജനപ്രതിനിധികളുടെയും പ്രാദേശിക ജനകീയ സഭകളുടെയും സാമൂഹ്യ സംഘടനകളുടേയും അഭിപ്രായങ്ങളെ മാനിക്കാതെ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ഉപദേശികളുടെയും കണ്‍സള്‍ട്ടന്‍റുകളുടെയും താളത്തിനു തുള്ളുകയാണ് സര്‍ക്കാര്‍. ഇ-മൊബിലിറ്റി പദ്ധതിക്കായി വിദേശ കമ്പനിയുമായി വേണ്ടത്ര പഠനങ്ങള്‍ നടത്താതെ കരാറില്‍ ഏര്‍പ്പെടുന്നതിനെ ധനകാര്യ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും എതിര്‍ത്തിട്ടും ഇടപാടുമായി മുന്നോട്ടുപോകുന്ന മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണ്. മന്ത്രിസഭയ്ക്ക് പേരുദോഷം വരുത്തിവച്ചിട്ടും മന്ത്രിസ്ഥാനം തിരിച്ചു നല്‍കിയതിന്‍റെ ഉപകാരസ്മരണ മൂലമാണ് ഗതാഗത മന്ത്രി മൗനം പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഉയര്‍ത്തിക്കൊണ്ടുവന്ന അഴിമതി ആരോപണങ്ങള്‍ക്ക്  യുക്തിസഹമായ മറുപടി നല്‍കുന്നതിനു പകരം ആക്ഷേപിക്കുവാനും പരിഹസിക്കുവാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സംസ്ഥാനത്ത് സമീപകാലത്ത് ഉയര്‍ന്നുവന്ന എല്ലാ അഴിമതി ആരോപണങ്ങളിലും മുഖ്യമന്ത്രി ഉള്‍പ്പെട്ടിരിക്കുന്നൂവെന്നത് ശ്രദ്ധേയമാണ്. ആദ്യമൊക്കെ ന്യായീകരിക്കുവാനും പ്രതിരോധിക്കുവാനും ശ്രമിക്കുന്ന മുഖ്യമന്ത്രി, ഒടുവില്‍ തെളിവുകള്‍ നിരത്തി പ്രതിപക്ഷം വിഷയം ജനശ്രദ്ധയിലേക്ക് കൊണ്ടുവരുമ്പോള്‍ അടിയറവു പറയുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്‌. ഇ-മൊബിലിറ്റി വിഷയത്തിലും മുഖ്യമന്ത്രിക്ക് പിന്നോക്കം പോകേണ്ടിവരുമെന്നും ദേവരാജന്‍ പറഞ്ഞു.