അന്തരിച്ച സിപിഎം നേതാവിന്‍റെ പേരിലും ഫണ്ട് തട്ടിപ്പ്; ഡിവൈഎഫ്ഐ നേതാവ് മുക്കിയത് 5 ലക്ഷത്തിലേറെ

Jaihind Webdesk
Thursday, July 28, 2022

തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് പി ബിജുവിന്‍റെ പേരിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ഫണ്ട് തട്ടിപ്പ് നടത്തിയതായി ആരോപണം. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റ് എസ് ഷാഹിനെതിരെയാണ് ഫണ്ട് തട്ടിപ്പ് ആരോപണമുയർന്നത്. പാളയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ള ഫണ്ട് പിരിവിലാണ് തട്ടിപ്പ് നടത്തിയത്.

അന്തരിച്ച സിപിഎം നേതാവായ പി ബിജുവിന്‍റെ സ്മരണാർത്ഥം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിക്കാൻ തീരുമാനിച്ച റെഡ് കെയർ പദ്ധതിയിലേക്ക് വേണ്ടി പിരിച്ചെടുത്ത തുകയിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ തട്ടിപ്പ് നടത്തിയത്. ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്‍റ് എസ് ഷാഹിനെതിരെയാണ് ആരോപണം. പാളയം ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ മേഖലാ കമ്മിറ്റികളിൽ നിന്ന് പിരിച്ചെടുത്ത തുകയിലാണ് തട്ടിപ്പ് നടന്നത്.

റെഡ് കെയർ സെന്‍റർ തുടങ്ങുന്നതിനായി ഓരോ മേഖലാ കമ്മിറ്റിയും രണ്ട് ലക്ഷം രൂപ വീതം പിരിച്ചു നൽകണം എന്നായിരുന്നു തീരുമാനം. പാളയം ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള ഒമ്പത് മേഖലാ കമ്മ്റ്റികളിൽ നിന്നായി 11 ലക്ഷത്തിലധികം രൂപയാണ് പിരിച്ചെടുത്തത്. ഇതിൽ നിന്നാണ് അഞ്ച് ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് നടത്തിയത്.

ഇക്കഴിഞ്ഞ മെയ് മാസം ചേർന്ന സിപിഎം പാളയം ഏരിയാ കമ്മിറ്റി യോഗത്തിൽ തട്ടിപ്പുനടത്തിയത് കണ്ടെത്തി. തുടർന്നുണ്ടായ വിമർശനത്തിന് പിന്നാലെ കുറച്ചു തുക പാർട്ടിയിലേക്ക് ഷാഹിൻ തിരിച്ച് നൽകി. എന്നാൽ സിപിഎം പാർട്ടി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തതിന് പിന്നാലെയുണ്ടായ ആരോപണത്തിൽ പാർട്ടിയും പ്രതിരോധത്തിലായിരിക്കുകയാണ്. പണം തട്ടിപ്പിൽ നടപടി ആവശ്യപ്പെട്ട് മേഖലാ കമ്മറ്റികൾ സിപിഎം – ഡിവൈഎഫ്ഐ നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. പയ്യന്നൂരിന് പിന്നാലെയുണ്ടായ പാർട്ടി ഫണ്ട് തട്ടിപ്പിൽ ഒരുവിഭാഗം നേതാക്കൾ കുറ്റക്കാരെ സംരക്ഷിക്കുന്നതായും ആരോപണം ഉയരുന്നുണ്ട്.