ഗവേഷണത്തിന്‍റെ മറവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ വെട്ടിപ്പ്; മൂന്നരലക്ഷത്തോളം രൂപ കേരള യൂണിവേഴ്‌സിറ്റി ഫെല്ലോഷിപ്പ് ഇനത്തില്‍ തട്ടിയെടുത്ത് എ.എ. റഹിം

Jaihind Webdesk
Saturday, August 10, 2019

ഗവേഷണത്തിന്‍റെ മറവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ വെട്ടിപ്പ് പുറത്ത്. മൂന്നരലക്ഷത്തോളം രൂപ കേരള യൂണിവേഴ്‌സിറ്റി ഫെല്ലോഷിപ്പ് ഇനത്തില്‍ തട്ടിയെടുത്തെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഹാജരില്ലാത്ത ഗവേഷണ വിദ്യാര്‍ത്ഥിക്ക് നിയമവിരുദ്ധമായി ഫെല്ലോഷിപ്പ് ലഭ്യമാക്കി എന്ന് മാത്രമല്ല 3.44 ലക്ഷം രൂപ ഫെല്ലോഷിപ്പ് കൈപ്പറ്റിയിട്ട് ഗവേഷണം നടത്തിയിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായ എ.എ. റഹിം ഗവേഷണത്തിനുള്ള ഫെല്ലോഷിപ്പ് വെട്ടിച്ചതിന്‍റെ രേഖകള്‍ പുറത്ത്. 3,44,744 രൂപയാണ് ഗവേഷണത്തിന്‍റെ പേരില്‍ സര്‍വകലാശാലയില്‍ നിന്ന് റഹീം കൈപ്പറ്റിയത്. 2017ല്‍ ഗവേഷണം അവസാനിപ്പിച്ചിട്ടും ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് 2017 മുതല്‍ കേരള സര്‍വകലാശാല രജിസ്ട്രാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

ഇസ്ലാമിക് പഠന വിഭാഗത്തിലേക്ക് 2010 മെയ് നാലിനാണ് ഫുള്‍ടൈം സ്‌കോളര്‍ അഥവാ മുഴുവന്‍ സമയ ഗവേഷണ വിദ്യാര്‍ഥിയായി എ.എ.റഹിം രജിസ്റ്റര്‍ ചെയ്തത്. 2011 ജനുവരി നാലു മുതല്‍ ‘ആധുനിക വിദ്യാഭ്യാസവും, അച്ചടി മാധ്യമങ്ങളും കേരളത്തിലെ മുസ്ലിം നവീകരണവും’ എന്ന വിഷയത്തില്‍ ഇസ്ലാമിക പഠന വിഭാഗം മേധാവി ഡോ. എസ്. ഷറഫുദീന്‍റെ മേല്‍നോട്ടത്തില്‍ ഗവേഷണവും ആരംഭിച്ചു.

അഞ്ച് വര്‍ഷമാണ് ഗവേഷണകാലം, എന്നാല്‍ മൂന്നു വര്‍ഷത്തില്‍ ഗവേഷണം നടത്തി പ്രബന്ധം സമര്‍പ്പിക്കണം. അതിന് കഴിയാത്തവര്‍ക്കാണ് രണ്ട് വര്‍ഷം കൂടി നീട്ടി നല്‍കുക. ഇങ്ങനെ, 2013ല്‍ അവസാനിപ്പിക്കേണ്ട ഗവേഷണം യഥാസമയം പൂര്‍ത്തിയാക്കാത്ത റഹിമിന് 2015 മെയ് നാലുവരെ നീട്ടിനല്‍കി. അഞ്ച് വര്‍ഷം അവസാനിച്ചിട്ടും ഗവേഷണം എങ്ങും എത്താതെ വന്നതോടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇത് 2017 മെയ്‌ വരെ രണ്ട് വര്‍ഷം കൂടി നീട്ടി വാങ്ങി. എന്നാല്‍, 2017 മെയ് മൂന്നിന് ഗവേഷണകാലം അവസാനിപ്പിച്ചപ്പോള്‍ ഗവേഷണ പ്രബന്ധം സര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ചിട്ടില്ലെന്നും എ.എ. റഹിം ഇപ്പോള്‍ ഗവേഷണ വിദ്യാര്‍ത്ഥി അല്ലെന്നും 2018 ഡിസംബര്‍ 27ന് ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നു.

മൂന്നര വര്‍ഷത്തേക്കാണ് ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ഫെലോഷിപ്പ്. ഇതനുസരിച്ച് 2010 മെയ് നാലുമുതല്‍ 2013 നവംബര്‍ രണ്ട് വരെയുള്ള ഫെലോഷിപ്പ് തുകയായ 3,44,744 രൂപ എ.എ. റഹിം കൈപ്പറ്റി. മുഴുവന്‍ സമയ ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് അതും മുഴുവന്‍ സമയം ഹാജര്‍ ഉണ്ടെങ്കില്‍ മാത്രമാണ് ഫെലോഷിപ്പ് ലഭിക്കുക.

എന്നാല്‍, ഈ കാലയളവില്‍ റഹിം 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ക്കലയില്‍ മത്സരിച്ചു. മാത്രമല്ല 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ സജീവമായി പ്രചാരണ രംഗത്തും ഉണ്ടായിരുന്നു. ഇവ രണ്ടും ഗവേഷണകാലയളവിലാണ്. തെരഞ്ഞെടുപ്പ് സമയത്തെ ഹാജര്‍ എങ്ങനെ ലഭിച്ചുവെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. ഹാജരില്ലാത്ത ഗവേഷണ വിദ്യാര്‍ത്ഥിക്ക് ഫെല്ലോഷിപ്പ് ലഭ്യമാക്കി എന്ന് മാത്രമല്ല 3.44 ലക്ഷം രൂപ ഫെല്ലോഷിപ്പ് കൈപ്പറ്റിയിട്ട് ഗവേഷണം നടത്തിയിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇല്ലാത്ത ഗവേഷണത്തിന്‍റെ പേരില്‍ ഫെലോഷിപ്പ് തുകയും മറ്റ് ആനുകൂല്യങ്ങളും നേടിയ എ.എ. റഹിമിന്‍റെ നടപടിയാണ് ഇപ്പോള്‍ വിവരാവകാശ രേഖയുടെ രൂപത്തില്‍ പുറത്തെത്തിയിരിക്കുന്നതെന്ന് ഒരു ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നു.