സാമ്പത്തിക പ്രതിസന്ധിയിലും ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ; ലക്ഷങ്ങൾ ചിലവഴിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരടങ്ങുന്ന ഉന്നതതല സംഘം വിദേശത്ത്

Jaihind News Bureau
Tuesday, November 26, 2019

Pinarayi-Vijayan

സാമ്പത്തിക പ്രതിസന്ധിയിലും ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരടങ്ങുന്ന ഉന്നതതല സംഘം വിദേശത്തേക്ക് പോയത് ലക്ഷങ്ങൾ ചിലവഴിച്ച്. വിവിധ മേഖലകളിൽ അയൽ രാജ്യങ്ങളുടെ സഹകരണം ഉറപ്പാക്കാനെന്ന വ്യാജേന വഴിച്ചിലവിനായി മാത്രം ചെലവഴിക്കുന്നത് 10 ലക്ഷം രൂപ.

വ്യവസായം, ടൂറിസം, വിദ്യാഭ്യാസം, ഫിഷറീസ് മേഖലകളിലെ സാമ്പത്തിക സാങ്കേതിക വിജ്ഞാന സഹകരണം ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജപ്പാനും കൊറിയയും സന്ദർശിക്കുന്നതെന്നാണ് സർക്കാരിന്റെ വാദം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ലക്ഷങ്ങൾ മുടക്കിയുളള വിദേശയാത്ര.

ട്രഷറി നിയന്ത്രണം പോലും ഏർപ്പെടുത്തേണ്ട അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. റവന്യൂ വരുമാനത്തിൽ 6 ശതമാനത്തിന്റെ കുറവാണ് നിലവിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതേ സമയം സംസ്ഥാനത്തിന്റെ പൊതു കടവും ആളോഹരിക്കടവും ക്രമാതീതമായി ഉയരുന്നുമുണ്ട്. സാമ്പത്തിക പിരിമുറുക്കം മൂലം പദ്ധതി ചിലവുകളിൽ 30 ശതമാനത്തോളം വെട്ടിക്കുറച്ചു ശമ്പളവും പെൻഷനുകളും ഒഴികെ മറ്റെല്ലാ ബില്ലുകളും ട്രഷറിയിൽ തടഞ്ഞു വച്ചിരിക്കുകയുമാണ്. കരാറുകാർക്ക് കുടിശ്ശിക നൽകാത്തതിനാൽ നിർമ്മാണ – അറ്റകുറ്റപ്പണികളും നടക്കുന്നില്ല. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം പോലും നൽകാൻ കഴിയുന്നില്ല.

തൊഴിലില്ലായ്മ സംസ്ഥാനത്ത് രൂക്ഷമാകുമ്പോൾ ദുബായിൽ പോയി പ്രവാസികൾക്കായി പ്രഖ്യാപിച്ച ഒരു പദ്ധതി പോലും തുടങ്ങാനായിട്ടുമില്ല. ഈ സാഹചര്യങ്ങൾ നേരിടാൻ ഒരു പരിഹാരം കാണാനും ഇതുവരെ സർക്കാരിനായിട്ടില്ല. ഈ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം സ്തംഭിച്ച് നിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും 10 ലക്ഷം രൂപ ചെലവഴിച്ച് വിദേശ യാത്രാ നടത്തുന്നത്.