ഒരു ദിര്‍ഹത്തിന് ഗ്രീസിലേക്ക് പറക്കാം ! ലക്ഷ്യം കുറഞ്ഞ നിരക്കില്‍ വിനോദ യാത്രകള്‍ ; വ്യോമയാന മത്സരത്തിന് വിസ് എയര്‍

B.S. Shiju
Monday, January 11, 2021

ദുബായ് : അബുദാബി കേന്ദ്രമായ ബജറ്റ് വിമാനക്കമ്പനിയായ വിസ് എയര്‍ വിമാനക്കമ്പനി, ഒരു ദിര്‍ഹത്തിന് ( ഏകദേശം 19 രൂപ ) വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്തു. ഈ മാസം 15നു ഗ്രീസിലെ ഏതന്‍സിലേക്കു ആരംഭിക്കുന്ന ആദ്യ സര്‍വീസിന്റെ ഭാഗമായാണിത്. ആദ്യം ബുക്ക് ചെയ്യുന്ന 2021 പേര്‍ക്കാണ് പുതുവര്‍ഷ സമ്മാനമായി ഈ ഓഫര്‍ നല്‍കുന്നത്. ഇതോടൊപ്പം, ഗ്രീസിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ തെസ്ലോനികിയിലേക്കും സര്‍വീസ് തുടങ്ങും.

പുതുവര്‍ഷത്തില്‍ യാത്രക്കാരെ വിസ്മയിപ്പിച്ചാണു ഈ തുടക്കമെന്നു വിസ് എയര്‍ അബുദാബി എംഡി കീസ് വാന്‍ ഷെയ്ഖ് പറഞ്ഞു. കുറഞ്ഞ നിരക്കില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കൂടുതല്‍ പേര്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദേഹം പറഞ്ഞു.

അലക്‌സാന്‍ഡ്രിയ, കുതൈസി, ലാര്‍നാക, ഒഡേസ, യേരേവന്‍ തുടങ്ങിയ സെക്ടറുകളിലേക്കു വരും മാസങ്ങളില്‍ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.