ആയിരങ്ങള്‍ക്ക് ആശ്വാസമായി രമേശ് ചെന്നിത്തലയുടെ ജനസമ്പര്‍ക്കപരിപാടി

Jaihind Webdesk
Friday, January 18, 2019

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ആയിരക്കണക്കിന് ദുരിതബാധിതർക്ക് ആശ്വാസമായി മാറി പ്രതിപക്ഷ നേതാവിന്‍റെ കുട്ടനാട്ടിലെ ജനസമ്പർക്ക പരിപാടി . പരിപാടി നടക്കുന്ന കുട്ടനാട് വികസന സമിതി ഹാളിൽ രാവിലെ മുതൽ തന്നെ വലിയ ജനപങ്കാളിത്തമായിരുന്നു.

മൂന്ന് ഘട്ടങ്ങളിലായി വലിയ പ്രളയം നേരിട്ട കുട്ടനാട്ടിലെ ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് പ്രതിപക്ഷ നേതാവിന്‍റെ പരിപാടിയിലേക്ക് ഒഴുകി എത്തിയത്. നഷ്ടങ്ങളുടെ കണക്കെടുപ്പ് പോലും പൂർത്തിയാകാത്ത സാഹചര്യവും, സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാത്തതും, കൃഷി, കന്നുകാലികൾ എന്നിവ നഷ്ടപ്പെട്ടവർക്ക് സഹായം ലഭിക്കാത്തത് അടക്കം നിരവധി പരാതികൾ പ്രതിപക്ഷ നേതാവിന് ലഭിച്ചു. മുഴുവൻ ആളുകളുടെയും പരാതികൾ നേരിട്ട് പ്രതിപക്ഷ നേതാവ് സ്വീകരിച്ചു. ലഭിച്ച അപേക്ഷകൾ കോടതിയുടെയും, സർക്കാറിന്‍റെയും ശ്രദ്ധയിൽ എത്തിക്കുകയും തുടർ നടപടികൾ ഉറപ്പ് വരുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ലഭിച്ച പരാതികളിൽ സ്വീകരിച്ച തുടർനടപടികൾ അപേക്ഷകരെ പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് അറിയിക്കും. ചെങ്ങന്നൂരിൽ നിന്നും ആരംഭിച്ച പരാതി സ്വീകരിക്കുന്ന ജനസമ്പർക്ക പരിപാടി അടുത്ത ദിവസം വയനാട്ടിൽ നടക്കും.