പി.കെ ശ്രീമതിയുടെ വികസന നേട്ടങ്ങളെന്ന് കാണിച്ച് കൂറ്റൻ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചത് വിവാദത്തിൽ

Jaihind Webdesk
Friday, March 8, 2019

Rising-Kannur-PK-Sreemathi

കണ്ണൂരിൽ പി.കെ ശ്രീമതി എം.പിയുടെ വികസന നേട്ടങ്ങളായി കാണിച്ച് കൂറ്റൻ ഫ്‌ലക്‌സ് ബോർഡുകൾ സ്ഥാപിച്ചത് വിവാദത്തിൽ. റൈസിങ് കണ്ണൂർ എന്ന പേരിലാണ് മുഖ്യമന്ത്രിയുടെയും പി.കെ ശ്രീമതിയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത കൂറ്റൻ ബോർഡുകൾ കണ്ണൂർ ലോകസഭാ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ലക്ഷകണക്കിന് രൂപ ചെലവഴിച്ച് സ്ഥാപിച്ചിട്ടുള്ളത്. എം പി എന്ന നിലയിൽ പി കെ ശ്രീമതി കൊണ്ടു വരാത്ത പദ്ധതികൾ പോലും ഇതിൽ എംപിയുടെ വികസന നേട്ടമായി അവതരിപ്പിക്കുന്നുണ്ട്.

https://youtu.be/J8Vb7uHoK-Q

കണ്ണൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പി.കെ ശ്രീമതി തന്നെ വീണ്ടും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് മണ്ഡലത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇത്തരം കൂറ്റൻ ഫ്‌ലക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.

പി.കെ ശ്രീമതിക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ചിത്രം കൂടി ആലേഖനം ചെയ്തിട്ടുളള ഫ്‌ലക്‌സുകളിൽ എം.പിയുടെ വികസന നേട്ടങ്ങൾ എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.ലക്ഷകണക്കിന് രൂപ ചെലവഴിച്ച് കണ്ണൂർ ലോകസഭാ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലാണ് ബോർഡ് ഉയർത്തിട്ടുള്ളത്.
ബോർഡിൽ പറയുന്ന വികസന പദ്ധതികളിൽ ഭൂരിഭാഗവും എം.പിയുടെ നേട്ടങ്ങളല്ല..കണ്ണൂർ വിമാനത്താവളം ഉൾപ്പടെയുള്ള വികസന പദ്ധതികൾ പി കെ ശ്രീമതി കൊണ്ടുവന്ന പദ്ധതിയായാണ് ബോർഡിൽ പ്രതിപാദിക്കുന്നത്. എം എൽ എ മാരായ കെ.സി.ജോസഫും, കെ.എം ഷാജിയും, സണ്ണി ജോസഫും തങ്ങളുടെ നിയോജക മണ്ഡലങ്ങളിൽ നടപ്പിലാക്കിയ പദ്ധതികളും എം പി യുടെ വികസന നേട്ടമായി അവതരിപ്പിച്ചിട്ടുണ്ട്. പയ്യാമ്പലം ബീച്ചിലെ നടപ്പാത സംസ്ഥാന സർക്കാംർ സഹായത്തോടെ കെഎം ഷാജി എംഎൽഎകൊണ്ടുവന്ന പദ്ധതി ആണെങ്കിലും ഇതും പി കെ ശ്രീമതിയുടെ പദ്ധതി യായാണ് ബോർഡിലുള്ളത്.

റൈസിങ് കണ്ണൂർ എന്ന പേരിലുളള ഈ ബോർഡുകൾ ആരാണ് സ്ഥാപിച്ചതെന്നും വ്യക്തമല്ല. ബോർഡ് സ്ഥാപിച്ചത് തങ്ങളല്ലെന്നാണ് സിപിഎമ്മും ജില്ലാ ഇൻഫർമേഷൻ വകുപ്പും പറയുന്നത്.ഇതോടെ ബോർഡിനു പിന്നിൽ ആരാണ് എന്ന ചോദ്യമാണ് ഉയരുന്നത്.

സമ്പൂർണ ഫ്‌ളക്‌സ് നിരോധനം നടപ്പിലാക്കിയ ജില്ലയിൽ ഫ്‌ലക്‌സ് ബോർഡുകൾ സ്ഥാപിച്ച നടപടിക്കെതിരെ കലക്ടറും, ജില്ലാ ഭരണകൂടവും മൗനം പാലിക്കുന്നതിന് എതിരെയും വിമർശനം ഉയരുന്നുണ്ട്.