ഐസക്കും ജയരാജനും ഉള്‍പ്പെടെ അഞ്ച് മന്ത്രിമാർക്ക് സീറ്റില്ല ; എല്‍ഡിഎഫില്‍ തർക്കം രൂക്ഷം

Jaihind News Bureau
Thursday, March 4, 2021

 

തിരുവനന്തപുരം : ഇപി ജയരാജനും ഐസക്കുമുള്‍പ്പെടെ അഞ്ചു മന്ത്രിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി മത്സരിക്കില്ല. ഇ.പി.ജയരാജന്‍, തോമസ് ഐസക്ക്, എ.കെ.ബാലന്‍, ജി. സുധാകാരന്‍, സി. രവീന്ദ്രനാഥ്, എന്നിവരാണ് ഇക്കുറി തെരഞ്ഞെടുപ്പ് മത്സര രംഗത്തുനിന്ന് വിട്ടുനില്‍ക്കുന്നത്. സിപിഎം സെക്രട്ടേറിയറ്റിലാണ് തീരുമാനം.

എം.എല്‍.എമാരായ എ പ്രദീപ് കുമാര്‍, രാജു എബ്രഹാം എന്നിവരും മത്സരിക്കില്ല. കൂടുതല്‍ തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്തണമെന്ന മാനദണ്ഡം നടപ്പാക്കണമെന്ന നിര്‍ദേശവും സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നു. അതേസമയം മുഖ്യമന്ത്രിയടക്കം മന്ത്രിസഭയിലെ ബാക്കിയുള്ളവര്‍ മത്സരിച്ചേക്കും. ഇ.പി ജയരാജന്‍ മത്സരിച്ച മണ്ഡലമായ മട്ടന്നൂരില്‍ നിന്നാകും ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഇത്തവണ ജനവിധി തേടുക. എ.കെ ബാലന് പകരം ഭാര്യയെ പരിഗണിക്കണമെന്ന നിര്‍ദേശം സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിന് മുന്നില്‍ വന്നിരുന്നു. ഇതിനെതിരെ താഴേത്തട്ടില്‍ നിന്ന് പ്രതിഷേധം ഉയർന്നതിന് പിന്നാലെ മന്ത്രി തന്നെ ഇക്കാര്യം നിഷേധിക്കുകയായിരുന്നു.