വിഴിഞ്ഞം വിഷയം സഭയില്‍ ഉന്നയിക്കും; മത്സ്യത്തൊഴിലാളികളുടെ പോരാട്ടത്തിന് ഒപ്പമുണ്ടാകും: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Thursday, August 18, 2022

തിരുവനന്തപുരം: തീരദേശജനതയുടെ പ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സസതീശന്‍. പ്രതിഷേധത്തിന് എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നതായും അദ്ദേഹം പറഞ്ഞു.  വിഷയത്തിൽ രാഷ്ട്രീയം കലർത്തില്ല. അടിയന്തരമായി പരിഹരിക്കപ്പെടേണ്ട പ്രശ്‌നമാണിത്. സഭ സമ്മേളിക്കുമ്പോൾ ഇക്കാര്യം ഉന്നയിക്കും. വിഷയത്തിൽ ചർച്ചയ്ക്ക് തയാറാകണമെന്ന് ഇന്നുതന്നെ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വിഴിഞ്ഞത്തെ സമരവേദിയില്‍ പറഞ്ഞു.

“രാജ്യത്തെ ജനങ്ങൾക്ക് ജീവിത നിലവാരം ഉയർത്തുമെന്ന് പ്രതീക്ഷിച്ചണ് ജനങ്ങൾ അതിനൊപ്പം നിന്നത്. ഇന്ന് വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി മുന്നോട്ട് പോയപ്പോൾ കടലാക്രമണം രൂക്ഷമായി. ഭിത്തി കെട്ടാത്ത സ്ഥലങ്ങളിൽ കൂടുതൽ ആഘാതം ഏല്‍പിക്കുന്നു. തിരുവനന്തപുരം ജില്ല ഉൾപ്പെടെ ഉള്ള കടൽ തീരങ്ങൾ പരിതാപകരമായ സ്ഥിതിയിലാണ്. പുനരധിവാസം നടപ്പാക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചിട്ടില്ല. കേരളത്തിൽ ആദിവാസി സമൂഹത്തേക്കാൾ പ്രയാസം അനുഭവിക്കുന്ന ജന വിഭാഗം ആയി തീരദേശം മാറി. ഗൗരവകരമായ പരിഹാരം ഉണ്ടാകണം. 22-ാം തീയതി സഭ ചേരുമ്പോൾ ആദ്യം ഈ വിഷയമാണ് കൊണ്ടുവരുന്നത്. ചർച്ചയ്ക്ക് വിളിക്കണമെന്ന് മുഖ്യമന്ത്രിയോട് ഇന്നുതന്നെ ആവശ്യപ്പെടും. പോരാട്ടത്തിന് ഒപ്പം ഉണ്ടാകും. പരിഹാരം ഉണ്ടാകാനുള്ള ശ്രമങ്ങൾ നടത്തും” – പ്രതിപക്ഷ നേതാവ് പറഞ്ഞു.