അഴിമതിക്കേസില്‍ ഒന്നാം പ്രതി; ഖാദി ബോർഡ് സെക്രട്ടറിയുടെ ശമ്പളം ഇരട്ടിയാക്കി സർക്കാർ

Jaihind Webdesk
Thursday, October 21, 2021

 

തിരുവനന്തപുരം : കശുവണ്ടി ഇറക്കുമതിക്കേസിൽ ഒന്നാം പ്രതിയായ ഖാദി ബോർഡ് സെക്രട്ടറി കെഎ രതീഷിന്‍റെ ശമ്പളം ഇരട്ടിയാക്കി സർക്കാർ. അഴിമതി കേസിലെ പ്രതിയായ കെഎ രതീഷിന്‍റെ ഖാദി ബോർഡിലെ നിയമനം തന്നെ വിവാദമായിരുന്നു. കഴിഞ്ഞ പിണറായി മന്ത്രിസഭയുടെ കാലത്തുതന്നെ ശമ്പളം ഇരട്ടിയാക്കാന്‍ നീക്കം നടന്നിരുന്നു.

കശുവണ്ടി കോർപറേഷനിൽ എംഡിയായിരിക്കെ തോട്ടണ്ടി ഇറക്കുമതിയിൽ ക്രമക്കേട് കണ്ടെത്തിയ സിബിഐ, തിരുവനന്തപുരം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഒന്നാം പ്രതിയാണ് കെഎ രതീഷ്. ബോർഡ് ചെയർമാൻ കൂടിയായ വ്യവസായ മന്ത്രി പി രാജീവിന്‍റെ അധ്യക്ഷതയിൽ സെപ്തംബർ 8 ന് ചേർന്ന യോഗത്തിലാണ് ശമ്പളവർധനവിന് തീരുമാനമായത്. അഡീഷണൽ സെക്രട്ടറിയുടെ ശമ്പള സ്കെയിലിലേക്കാണ് ഉയർത്തിയത്. 123700 – 166800 രൂപയാണ് അഡീഷണൽ സെക്രട്ടറിയുടെ ശമ്പള സ്കെയിൽ. ഇതിനുപുറമേ അലവൻസുകളും ഉണ്ട്. നിലവിൽ ബോർഡ് സെക്രട്ടറിക്ക് 70,000 രൂപയാണ് ശമ്പളം.

ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്തുതന്നെ ഖാദി ബോർഡ് സെക്രട്ടറിയുടെ ശമ്പളം ഇരട്ടിയാക്കാനുള്ള ശുപാർശയ്ക്ക് അന്നത്തെ  വ്യവസായമന്ത്രിയായ ഇപി ജയരാജന്‍  അംഗീകാരം നല്‍കിയിരുന്നത് വിവാദമായിരുന്നു. ഇക്കാര്യം ജയരാജന്‍ നിഷേധിച്ചെങ്കിലും ശമ്പള വർധനവിന് മന്ത്രി അംഗീകാരം നൽകിയതായുള്ള രതീഷിന്‍റെ കത്ത് പുറത്ത് വന്നതോടെ ആ വാദം പൊളിഞ്ഞിരുന്നു.