പെരിന്തല്‍മണ്ണയില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ച് വന്‍ നാശനഷ്ടം

Jaihind Webdesk
Wednesday, September 12, 2018

മലപ്പുറം: പെരിന്തൽമണ്ണ ഏലംകുളത്ത് ഫർണിച്ചർ കടയ്ക്ക് തീപിടിച്ച് വൻ നാശനഷ്ടം. ഏലംകുളം റെയിൽവെ ഗേറ്റിന് സമീപത്തെ ഫർണിച്ചർ ഷോപ്പിനാണ് തീ പിടിച്ചത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീയണച്ചു.

ഏലംകുളം റെയിൽവേ ഗേറ്റിന് സമീപത്തെ S.K സോഫ വർക്ക്സ് എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്. പരാൻ തൊടി സജീവൻ എന്നയാളുടേതാണ് ഈ സ്ഥാപനം. രാവിലെ ഒൻപത് മണിയോടെ പെരിന്തൽമണ്ണയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു സജീവൻ. ഒമ്പതുമണിയോടെയാണ് കടയിൽ പടർന്നതായി നാട്ടുകാർ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിൽ നിന്നും അഗ്നിശമനസേനയും സ്ഥലത്തെത്തി. നാട്ടുകാരും അഗ്നിശമന സേനാ അംഗങ്ങളും ചേർന്നാണ് തീയണച്ചത്.

കെട്ടിടത്തിനകത്ത് ഉണ്ടായിരുന്ന സോഫകൾ, കിടക്കകൾ, ഫൈബർ കസേരകൾ എന്നിവ കത്തിനശിച്ചു. കെട്ടിടത്തിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്. പത്ത് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. തീ പടരാനുള്ള കാരണം വ്യക്തമല്ല.