തിരുവനന്തപുരം പവർഹൗസ് റോഡിനു സമീപം വൻ തീപിടിത്തം

Jaihind Webdesk
Tuesday, May 21, 2019

തിരുവനന്തപുരം നഗരത്തില്‍ വൻ തീപിടുത്തം. പവർഹൗസ് റോഡിനു സമീപത്തെ ചെല്ലം അമ്പ്രല്ല മാർട്ടിനാണ് തീപിടിച്ചത്. നിരവധി ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സമീപ കടകളിലേക്ക് തീപടരുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

അപകടസാധ്യത കണക്കിലെടുത്ത് പരിസരപ്രദേശങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. തീപിടിത്തമുണ്ടായ കെട്ടിടത്തിൽ ആരുമില്ലെന്ന് അഗ്നിശമനസേന അറിയിച്ചു. രാവിലെ 9.45 ഓടെ തീപിടിത്തമുണ്ടാകുകയായിരുന്നു. ഇതുവഴിയുള്ള വാഹനഗതാഗതവും നിലച്ചു. അതേസമയം, തീപിടിത്തത്തിന്‍റെ കാരണം അറിവായിട്ടില്ല. ഷോർട് സർക്യൂട്ടാണെന്നാണു പ്രാഥമിക നിഗമനം.

തീ അണക്കുന്നതിനിടെ ഒരു ഫയർമാന് പരിക്കേറ്റു.  ചെങ്കൽച്ചൂള യൂണിറ്റിലെ സന്തോഷിനാണ് പരിക്ക്.  തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു ഫയർ ഫോഴ്സ് യൂണിറ്റിലെ ജീവനക്കാരനും ദേഹാസ്വാസ്ഥ്യം ഉണ്ടായി.