കെഎസ്ആർടിസി തിരുവനന്തപുരം യൂണിറ്റില്‍ സാമ്പത്തിക ക്രമക്കേട്; 1.17 ലക്ഷം കാണാനില്ല

Jaihind Webdesk
Saturday, October 15, 2022

തിരുവനന്തപുരം: കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ സാമ്പത്തിക ക്രമക്കേട്. ദിവസ വരുമാനത്തിൽ നിന്ന് ഒരു ലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റി പതിനെട്ട് രൂപ കാണാതായത്. നാല് ദിവസം മുമ്പാണ് പ്രതിദിന കളക്ഷൻ മുഴുവനായും ബാങ്കിൽ എത്തിയില്ലെന്ന് കണ്ടെത്തിയത്. കണക്കിലെ തിരിമറിയില്‍ കെഎസ്ആർടിസി ഓഡിറ്റ് വിഭാഗം പരിശോധന തുടങ്ങി.

നാല് ദിവസം മുമ്പാണ് വരുമാനത്തിൽ നിന്നുള്ള കുറവ് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 1,17,318 രൂപയുടെ കുറവ് കണ്ടെത്തിയത്. യൂണിറ്റ് ഓഫീസറുടെ പരാതിയില്‍ ഓഡിറ്റ് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയിലും കണക്കിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. എന്നാല്‍ ഡീസൽ ക്ഷാമം ഉണ്ടായിരുന്ന സമയത്ത് റിസർവേഷൻ ടിക്കറ്റ് മാത്രമായി ഓടിയ ബസുകളിൽ ഡീസൽ അടിച്ചതിന്‍റെ ബില്ല് നൽകിയിരുന്നില്ലെന്നും ഇതാണ് നിലവിലെ പൊരുത്തക്കേടിന് പിന്നിലെന്നുമാണ് ജീവനക്കാരുടെ വിശദീകരണം. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് കെഎസ്ആർടിസി മാനേജ്മെന്‍റ് അറിയിക്കുന്നത്.