ധനമന്ത്രിയുടെ വാദം പൊളിഞ്ഞു; മോട്ടോര്‍ വാഹന വകുപ്പിനോട് 1000 കോടി അധികമായി പിഴപ്പിരിവിന് നിര്‍ദ്ദേശിച്ചു; സര്‍ക്കുലര്‍ പുറത്ത്

Jaihind Webdesk
Thursday, March 23, 2023

തിരുവനന്തപുരം:  വാഹന വകുപ്പിനോട്  1000 കോടി രുപ അധികം പിരിക്കാന്‍ സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം. സർക്കുലർ പുറത്തായതോടെ ടാര്‍ഗെറ്റ് പിഴപ്പിരിവുമായി ബന്ധപ്പെട്ട വാർത്തയ്ക്ക് എതിരായ ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ  വാദം പൊളിഞ്ഞു.

പിഴ പിരിച്ചെടുക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറാണ് നിർദേശം നൽകിയത്. ഇൌതിനായി ഫെബ്രുവരി 17 നാണ്   ഉദ്യോഗസ്ഥർക്ക് സർക്കുലർ അയച്ചത്. 2022-2023 വർഷം എംവിഡി പിരിക്കേണ്ട പുതുക്കിയ ടാർഗറ്റ് എന്ന പേരിലാണ് സർക്കുലർ പുറത്തിറക്കിയത്. മോട്ടോർ വാഹന വകുപ്പ് 2022-23 വർഷം സ്വരൂപിക്കേണ്ട തുക 5300.71യാണ്. 2022-23 വർഷത്തേക്ക് ആദ്യം നൽകിയ ടാർഗറ്റ് 4138.58 കോടി രൂപയായിരുന്നു. ഈ സാമ്പത്തിക വർഷത്തേക്ക് ഉയർന്ന ടാർഗറ്റാണ് നിശ്ചയിച്ച് നൽകിയിരിക്കുന്നത്.  ഇതിലൂടെ 1,162.13 കോടി രൂപയാണ് ഉദ്യോഗസ്ഥരോട് അധികമായി പിരിക്കാന്‍ ആവശ്യപ്പെട്ടത്.

അതേസമയം വാര്‍ത്ത നിഷേധിച്ച്  ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഫേസ് ബുക്കില്‍ കുറിപ്പിട്ടിരുന്നു. സര്‍ക്കുലറിന്‍റെ രേഖകള്‍ പുറത്തു വന്നതോടെ ധനമന്ത്രിയുടെ ഈ വാദം പൊളിഞ്ഞു. നടുവൊടിക്കുന്ന ബജറ്റിന് പിന്നാലെ ജനങ്ങളെ പിഴിയാനുള്ള സര്‍ക്കാരിന്‍റെ പുതിയ തന്ത്രത്തെയും അതിനുള്ള മാര്‍ഗമായി മോട്ടോര്‍ വാഹന വകുപ്പിനെ മാറ്റിയതിലും വിമര്‍ശനങ്ങള്‍ ഉയരുകയാണ്.