മുഖ്യമന്ത്രിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ക്കായി 22 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്

Jaihind Webdesk
Tuesday, February 21, 2023

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ധൂർത്ത് അവസാനിപ്പിക്കാതെ സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ക്കായി 22 ലക്ഷത്തോളം രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവായി.

മുഖ്യമന്ത്രിയുടെ വെബ്സൈറ്റിന്‍റെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെയും ദൈനംദിന പ്രവർത്തനങ്ങൾക്കായി 21,65,747 രൂപയാണ് അനുവദിച്ചിരിക്കുന്നത്.  ഹാർഡ് ഡിസ്ക്കുകളും മറ്റ് ഉപകരണങ്ങൾ വാങ്ങുന്നതിനുമായാണ് പണം അനുവദിച്ചിരിക്കുന്നത്. തുക അനുവദിക്കണമെന്ന് മുഖ്യമന്ത്രിക്ക് കീഴിലുള്ള ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്‍റെ ശുപാർശ ചെയ്തിരുന്നു. കെഎസ്ആർടിസി ജീവനക്കാർക്കടക്കം ശമ്പളം നൽകാൻ ഇല്ലാത്തപ്പോഴാണ് ധനവകുപ്പിന്‍റെ നടപടി.

സംസ്ഥാനത്തിന്‍റെ പൊതു കടം ഇപ്പോൾ നാല് ലക്ഷം കോടിയിലേക്ക് എത്തിയിരിക്കുന്നു. അതിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷയടക്കം മുൻനിർത്തി ലക്ഷക്കണക്കിന് രൂപയാണ് ഓരോ ദിവസവും ചിലവാക്കുന്നത്. സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയരുമ്പോള്‍ ഹെലികോപ്റ്റർ മാർഗവും മുഖ്യമന്ത്രി പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.

നേരത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്ത് നിർമ്മാണത്തിനും ചുറ്റുമതില്‍ നവീകരണത്തിനുമായി അര കോടിയോളം രൂപ അനുവദിച്ചത് വിവാദമായിരുന്നു. രണ്ട് നിലകള്‍ മാത്രമുള്ള ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ 25.50 ലക്ഷം‍ രൂപയും അനുവദിച്ചിരുന്നു.