വേറിട്ടൊരു പള്ളി വികാരി… പ്രകൃതി സംരക്ഷണത്തിലൂടെ മാതൃകയായി ഫാ. ദീപു ഫിലിപ്പ് ; തൊടിയില്‍ അപൂര്‍വയിനം മരങ്ങളും ചെടികളും അലങ്കാര പക്ഷികളും

Jaihind News Bureau
Tuesday, December 10, 2019

പ്രകൃതി സംരക്ഷണത്തിലൂടെ മാതൃകയാവുകയാണ് കോട്ടയം പനച്ചിക്കാട് പാച്ചിറ താബോര്‍ സെന്‍റ് മേരീസ് പള്ളി വികാരി ഫാ. ദീപു ഫിലിപ്പ്. അപൂര്‍വയിനം മരങ്ങളും ചെടികളും ബോണ്‍സായികളും ഇദ്ദേഹത്തിന്‍റെ തൊടിയിലുണ്ട്. ഇതിനു പുറമെ പതിനാറോളം ഇനം അലങ്കാര കിളികളെയും ദീപുവച്ഛന്‍ വളര്‍ത്തുന്നു.

കോട്ടയം പനച്ചിക്കാട് പാച്ചിറ താബോര്‍ സെന്‍റ് മേരീസ് പള്ളി വികാരി ഫാ. ദീപു ഫിലിപ്പിന്‍റെ വീട്ടിലേക്കെത്തിയാല്‍ വ്യത്യസ്തമായൊരു അനുഭൂതിയാണ്. വീടിനു ചുറ്റുമുള്ള തൊടിയില്‍ നിയറയെ അപൂര്‍വയിനം മരങ്ങളും ചെടികളും ഔഷധ സസ്യങ്ങളുമാണ്. ശ്രീബുദ്ധന്‍ തപസു ചെയ്തു എന്ന് പറയപ്പെടുന്ന ബോധി വൃഷവും രുദ്രാക്ഷവും മുതല്‍ വിദേശഫലമായ അവക്കാര്‍ഡോ, ചങ്ങലംപരണ്ട, അണലിവേഗം, കരിമഞ്ഞള്‍ തുടങ്ങിയ ഔഷധസസ്യങ്ങള്‍ വരെ ഇവിടുണ്ട്.

എല്ലാവരിലും കൗതുകം ജനിപ്പിക്കുന്ന സോമലത ചെടിയെക്കുറിച്ചും ദീപുവച്ഛന്‍ വിവരിച്ചു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇദ്ദേഹത്തിന് വ്യക്തമായ വീക്ഷണമുണ്ട്.

കൂടാതെ 16 ഇനം അലങ്കാര തത്തകളും ദീപുവച്ഛന് കൂട്ടായുണ്ട്. കോന്യൂര്‍ ഇനത്തില്‍ പെട്ടവയാണ് കൂടുതലും. 12000 രൂപമുതല്‍ ഒരു ലക്ഷം രൂപ വരെ വിലയുള്ള തത്തകള്‍ ഈ വീട്ടുമുറ്റത്തെ വിശാലമായ കൂടുകളില്‍ യഥേഷ്ടം വിഹരിക്കുന്നു. ചെറുപ്പത്തില്‍ പക്ഷികളോടു തോന്നിയ താല്‍പര്യമാണ് ഫാ. ദീപു ഫിലിപ്പിനെ അങ്കാരതത്ത വളര്‍ത്തലിലേക്കെത്തിച്ചത്. ഭാര്യ റോഷ്ണിയും അമ്മ രമണിയും പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്.

ബോണ്‍സായി നിര്‍മാണവും ഇദ്ദേഹത്തിന്‍റെ ഹോബികളില്‍ ഒന്നാണ്. ഓരോ ബോണ്‍സായി ചെടിക്കും വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരും. ആല്‍ വിഭാഗത്തില്‍ പെടുന്നവയാണ് ദീപുവച്ഛന്‍റെ കൈവശമുള്ളവയില്‍ അധികവും.