കസ്റ്റഡിയിലുള്ള കർഷകരെ മോചിപ്പിക്കണം ; നിയമങ്ങൾ മരവിപ്പിക്കുകയല്ല പിന്‍വലിക്കുകയാണ് വേണ്ടതെന്ന് സംഘടനകൾ

Jaihind News Bureau
Monday, February 1, 2021

 

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തിലെ പ്രതിഷേധങ്ങളിൽ കസ്റ്റഡിയിൽ എടുത്ത കർഷകരെ മോചിപ്പിക്കണം എന്ന് കർഷക സംഘടനകൾ. വിവാദ നിയമങ്ങൾ താൽക്കാലികമായി മരവിപ്പിക്കുകയല്ല, മറിച്ച് പൂർണമായും പിന്‍വലിക്കുകയാണ് വേണ്ടതെന്നും സംഘടനകൾ പറഞ്ഞു. ഡൽഹി അതിർത്തികളിലെ പ്രതിഷേധം ശക്തിപ്രാപിക്കുകയാണ്. കൂടുതൽ കർഷകർ അതിർത്തിയിലേക്ക് എത്തിതുടങ്ങി.

അതേസമയം റിപ്പബ്ലിക് ദിനത്തിലെ ആക്രമണങ്ങളിൽ താൻ നിരപരാധിയാണെന്ന വാദവുമായി നടൻ ദീപ് സിദ്ദു രംഗത്ത് വന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യം ദീപ് സിദ്ദു വ്യക്തമാക്കിയത്. റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് സംഘർഷമുണ്ടാക്കിയവർ എത്തിയ ട്രാക്ടറുകളുടെ ഉടമകളെത്തേടുകയാണ് ഡൽഹി പൊലീസ്. ട്രാക്ടർ ഉടമകളുടെയെല്ലാം മേൽവിലാസം കണ്ടെത്തി അവർക്കെല്ലാം നോട്ടീസ് അയയ്ക്കുമെന്ന് ഡൽഹി എസിപി ബി.കെ സിങ് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ റിപ്പബ്ലിക് ദിനത്തിലെ അതിക്രമങ്ങൾ പരിശോധിക്കാൻ ഫോറൻസിക് സംഘം രാജ്യതലസ്ഥാനത്ത് എത്തി.