പേരാമ്പ്രയിൽ സാംബവ സമുദായത്തിൽപെട്ട കുടുംബങ്ങൾ പട്ടിണിയിലെന്നു പരാതി

Jaihind News Bureau
Monday, April 6, 2020

കോഴിക്കോട് പേരാമ്പ്രയിൽ സാംബവ സമുദായത്തിൽപെട്ട കുടുംബങ്ങൾ പട്ടിണിയിലെന്നു പരാതി. സർക്കാരിന്‍റെ കമ്യൂണിറ്റി കിച്ചൻ വിജയകരമായി നടത്തുന്നു എന്ന് അവകാശപ്പെടുന്ന നാട്ടിലാണ് ഈ കുടുംബങ്ങൾക്ക് ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വരുന്നത്.

ആരും പട്ടിണി കിടക്കാതിരിക്കാൻ സർക്കാറിന്‍റെ കമ്യൂണിറ്റി കിച്ചൻ ഉണ്ട് എന്ന് അവകാശപ്പെടുകയും മറ്റു സംഘടനകളെയും സന്നദ്ധ പ്രവർത്തകർകരെയും ഭക്ഷണം വിതരണം ചെയ്യുന്നത് വിലക്കുകയും ചെയ്യുന്ന നാട്ടിലാണ് 30 ഓളം പേർ അടങ്ങുന്ന സാംബവ കുടുംബങ്ങൾക്ക് ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വന്നത്. പേരാമ്പ്ര നൊച്ചാട് പഞ്ചായത്തിലെ പുറ്റാട് ശേഖരൻ മരണപെട്ടതിനെ തുടർന്നാണ് കുടുംബങ്ങൾ ഇവിടെ എത്തിയത്. എന്നാൽ ശേഷം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇവർക്ക് സ്വന്തം വീടുകളിലേക്ക് തിരികെ പോകാൻ കഴിഞ്ഞില്ല.

വിദേശത്തു നിന്നും വന്നവർ ഉൾപ്പെടെ മരണാന്തര ചടങ്ങുകളിൽ പങ്കെടുത്തതിനാൽ പൊതു ഇടങ്ങളിൽ ഇറങ്ങേണ്ടതില്ല എന്ന് ഇവർ സ്വയം തീരുമാനിക്കുകയായിരുന്നു. സമൂഹ അടുക്കളയുമായി ബന്ധപ്പെട്ട ആരും തന്നെ ഇവിടേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല എന്നും ഇവർ പരാതിപ്പെടുന്നു.