യുഎഇയില്‍ വിവാഹേതര ബന്ധം ഇനി ക്രിമിനല്‍ കുറ്റമല്ല ; 50 ാം വാര്‍ഷികത്തില്‍ നാല്‍പ്പതിലധികം നിയമങ്ങള്‍ പരിഷ്‌കരിച്ചു

JAIHIND TV DUBAI BUREAU
Monday, November 29, 2021

ദുബായ് : യുഎഇ എന്ന രാജ്യ രൂപീകരണത്തിന്‍റെ അന്‍പതാം വാര്‍ഷികത്തില്‍ നാല്‍പ്പതിലധികം നിയമങ്ങള്‍ പരിഷ്‌കരിച്ച് , പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. യുഎഇ ചരിത്രത്തിലെ ഏറ്റവും വലിയ നിയമപരിഷ്‌കാരങ്ങള്‍ക്ക് കൂടിയാണ് പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കിയത്.
ഇതനുസരിച്ച്, വിവാഹേതര ബന്ധം ഇനി ക്രിമിനല്‍ കുറ്റമല്ലാതാകും. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ, സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയവ വ്യവസ്ഥകളും പുതിയ നിയമപരിഷ്‌കാരങ്ങളായി നിലവില്‍ വരും.

സാമ്പത്തിക, നിക്ഷേപ, വാണിജ്യ മേഖല ശക്തിപ്പെടുത്താനും സാമൂഹിക സ്ഥിരതയും സുരക്ഷയും ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള നിയമപരിഷ്‌കാരങ്ങള്‍ക്കും പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ നിയമനിര്‍മാണ പരിഷ്‌കാരങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും അവകാശസംരക്ഷണത്തിനാണ് പ്രധാനപരിഗണന നല്‍കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മെച്ചപ്പെട്ട സംരക്ഷണം വാഗ്ദാനം ചെയ്യുന്ന നിയമം, വിവാഹേതര ബന്ധങ്ങളെ ക്രിമിനല്‍ കുറ്റമായി പരിഗണിക്കില്ലെന്നു വ്യവസ്ഥ ചെയ്യുന്നു.

വിവാഹേതര ബന്ധത്തിലെ കുട്ടികളെ അംഗീകരിക്കുകയും പരിപാലിക്കപ്പെടുകയും വേണം. ബലാത്സംഗത്തിന് ജീവപര്യന്തം തടവുശിക്ഷയുണ്ടാകും. 18 വയസ്സിനു താഴെയുള്ളവരോ ഭിന്നശേഷി വിഭാഗത്തിലുള്ളവരോ എതിര്‍ക്കാന്‍ കഴിവില്ലാത്ത വ്യക്തിയോ ആണ് ബലാത്സംഗത്തിന് ഇരയാകുന്നതെങ്കില്‍ വധശിക്ഷ വരെ നല്‍കിയേക്കും. ജോലിസ്ഥലത്തോ വിദ്യാലയത്തിലോ വീട്ടിലോ ആശുപത്രികളിലോ ആണ് പീഡനത്തിനിരയാകുന്നതെങ്കില്‍ കഠിന ശിക്ഷയുണ്ടാകും.

സൈബര്‍ കുറ്റകൃത്യങ്ങള്‍, ഓണ്‍ലൈന്‍ ഉപദ്രവം, ഭീഷണിപ്പെടുത്തല്‍, വ്യാജ വാര്‍ത്തകള്‍ എന്നിവയെ ചെറുക്കുന്നതിനും നിയമം കര്‍ശനവ്യവസ്ഥകളാണ് മുന്നോട്ടുവയ്ക്കുന്നത്. നിക്ഷേപം, വ്യവസായം, വാണിജ്യം, കമ്പനി, വ്യാവസായിക സ്വത്തുക്കളുടെ നിയന്ത്രണവും സംരക്ഷണവും,പകര്‍പ്പവകാശം, വ്യാപാരമുദ്രകള്‍, വാണിജ്യ റജിസ്റ്റര്‍, ഇലക്ട്രോണിക് ഇടപാടുകള്‍, ട്രസ്റ്റ് സേവനങ്ങള്‍,ഫാക്ടറി, റെസിഡന്‍സി എന്നിവ ഉള്‍പ്പെടെ വിവിധ മേഖലകളിലെ നിയമങ്ങളും യുഎഇയില്‍ പരിഷ്‌കരിച്ചു.