വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് പോയ യുഡിഎഫ് അനുഭാവികളായ പ്രവാസികളെ വ്യാജ കേസുകളില്‍ കുടുക്കുന്നു ; പ്രതിഷേധവുമായി ‘ഇന്‍കാസ്’ യുഎഇ കേന്ദ്രകമ്മിറ്റി

Jaihind News Bureau
Monday, December 7, 2020

 

ദുബായ് :  ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താനും പ്രവര്‍ത്തനങ്ങള്‍ക്കുമായി നാട്ടിലെത്തിയ പ്രവാസികളെ വ്യാജ കേസുകളില്‍ കുടുക്കി നിര്‍വീര്യമാക്കാനുള്ള ശ്രമമാണെന്നും ഇത് വിലപ്പോവില്ലെന്നും ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ ഒന്നുപോലും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല. പ്രവാസികളെ വഞ്ചിച്ച സര്‍ക്കാരിന്റെ മുഖംമൂടി അഴിഞ്ഞു വീഴുമെന്ന ഭയത്താലാണ് , പോളിങ് ബൂത്തില്‍ പ്രവാസികളുടെ സാന്നിധ്യം ഒഴിവാക്കാനും പ്രവര്‍ത്തനങ്ങള്‍ നിരുത്സാഹപ്പെടുത്താനും കോണ്‍ഗ്രസ് അനുഭാവികളെ കേസുകളില്‍ കുടുക്കുന്നതെന്ന് ഇന്‍കാസ് യുഎഇ ആക്ടിങ്  പ്രസിഡന്‍റ് ടി. എ രവീന്ദ്രനും ആക്ടിങ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദും സംയുക്തമായി പ്രസ്താവിച്ചു.

നാലര വര്‍ഷമായി പിണറായി സര്‍ക്കാര്‍ പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നുപോലും ഇനിയും പ്രാവര്‍ത്തികമാക്കിയിട്ടില്ല. കോവിഡ് കാലത്ത് മലയാളികള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ മറക്കാനാകില്ല. സംരക്ഷിക്കുന്നതിന് പകരം വെറുക്കപ്പെട്ടവരെ പോലെയാണ് സര്‍ക്കാര്‍ പ്രവാസികളോട് പെരുമാറുന്നത്. ഇത് അപമാനത്തിന് തുല്യമാണ്.  മുഴുവന്‍ കേരളജനതക്കും ഇത് ബോധ്യപ്പെട്ടു.

അതിനാല്‍, പ്രവാസികളോട് സ്വീകരിച്ച വഞ്ചനാപരമായ നിലപാടുകള്‍ക്കെതിരെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രതികരിക്കുമെന്ന ഭയത്താലാണ് ഇവരെ വ്യാജ കേസുകളില്‍ കുടുക്കാന്‍ സര്‍ക്കാര്‍ ഭരണസംവിധാനം ദുര്‍വിനിയോഗം ചെയ്യുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. ഏതെല്ലാം തരത്തില്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും ഈ തെരഞ്ഞെടുപ്പില്‍ പ്രവാസി സമൂഹം സര്‍ക്കാറിന് എതിരായി തന്നെ വിധിയെഴുതുമെന്നും ഇന്‍കാസ് നേതാക്കള്‍ പറഞ്ഞു.