പ്രവാസി പോസ്റ്റല്‍വോട്ട് : ഗള്‍ഫുകാരെ ഉള്‍പ്പെടുത്താന്‍ ഡല്‍ഹിയില്‍ ചര്‍ച്ച ; നിയമസഭാ തിരഞ്ഞെടുപ്പ് വോട്ട് ലക്ഷ്യമിട്ട്  ഗള്‍ഫ് മലയാളികള്‍

Elvis Chummar
Sunday, February 21, 2021

ദുബായ് : ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള പോസ്റ്റല്‍ വോട്ട് സൗകര്യത്തില്‍ ആദ്യഘട്ടത്തില്‍ ഗള്‍ഫ് പ്രവാസികളെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്  പ്രവാസി വോട്ട് കേസിലെ ഹര്‍ജിക്കാരനും യുവ സംരംഭകനുമായ ഡോ ഷംഷീര്‍ വയലില്‍ ഫെബ്രുവരി 22 ന് ( തിങ്കള്‍ ) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്ര നിയമമന്ത്രിയെയും സന്ദര്‍ശിക്കും.  ഗള്‍ഫ് ഇതര രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് മാത്രമേ, തുടക്കത്തില്‍ പോസ്റ്റല്‍ വോട്ട് സൗകര്യം ഒരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണിത്.

ഇതേ തുടര്‍ന്നാണ്, ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിയമപോരാട്ടത്തിന് തുടക്കം കുറിച്ച ഡോ. ഷംഷീര്‍, കേന്ദ്ര സര്‍ക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളെ ആദ്യഘട്ടത്തില്‍ നിന്ന് ഒഴിവാക്കാന്‍ പറയുന്ന വാദങ്ങള്‍ വസ്തുതാപരമായി ശരിയല്ല. ഇക്കാര്യം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍  സുനില്‍ അറോററെയും, കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെയും അദ്ദേഹം അറിയിക്കും.  കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ പ്രവാസി വോട്ട് വിഷയത്തില്‍ എത്രയും വേഗം അനുഭാവപൂര്‍വമായ നടപടിയെടുക്കണമെന്നും ഡോ. ഷംഷീര്‍ വയലില്‍ ആവശ്യപ്പെട്ടു.