സാമ്പത്തിക ശേഷിയുള്ളവരെ മാത്രം കണ്ടും അവാര്‍ഡ് കൊടുത്തും മുഖ്യമന്ത്രി പിണറായി മടങ്ങി, സാധാരണക്കാരെ മറന്നു; രൂക്ഷ വിമര്‍ശനവുമായി കെഎംസിസി, ഇന്‍കാസ് സംഘടനകള്‍

JAIHIND TV DUBAI BUREAU
Sunday, February 6, 2022

ദുബായ് : സാമ്പത്തിക ശേഷിയുള്ളവരെ നേരില്‍ കാണാനും അവര്‍ക്ക് അവാര്‍ഡ് നല്‍കി പാര്‍ട്ടി ചാനലിന് പണം സമാഹരിക്കാനും മാത്രമായി കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വന്നു പോയതില്‍ കടുത്ത പ്രതിഷേധമുണ്ടെന്ന് ദുബായ് കെഎംസിസി സംസ്ഥാന കമ്മിറ്റി ആക്ടിംഗ് പ്രസിഡന്‍റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, ട്രഷറര്‍ പി കെ ഇസ്മായില്‍ എന്നിവര്‍ അറിയിച്ചു.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗള്‍ഫ് സന്ദര്‍ശനം നടത്തിയപ്പോള്‍ ലേബര്‍ ക്യാമ്പുകളിലെ സാധാരണ പ്രവാസികളെ പോയി കണ്ടും അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും ശ്രമിച്ചിരുന്നു. പ്രവാസി സംഘടനകളുമായി കൂടിക്കാഴ്ചക്കും സമയം നീക്കിവെക്കിച്ചിരുന്നു. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അടക്കമുള്ള രാഷ്ട്രനേതാക്കളുമായി നേരില്‍ കണ്ട് സംസാരിച്ച് കേരളത്തിലേക്ക് സ്മാര്‍ട്ട്‌ സിറ്റി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കൊണ്ടുവരാനും ഉമ്മന്‍ ചാണ്ടി അന്ന് ആത്മാര്‍ഥമായി ശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് കെഎംസിസി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പ്രവാസി സംഘടനകളില്‍ നിന്ന് പരാതി കേള്‍ക്കാന്‍ തയാറായില്ല

മുഖ്യമന്ത്രി പിണറായി വിജയന്‍ പരിവാരസമേതം ഒരാഴ്ചയിലധികം യുഎഇയില്‍ നടത്തിയ സന്ദര്‍ശനം സാധാരണക്കാരായ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് നിരാശ മാത്രമാണ് സമ്മാനിച്ചതെന്നും ദുബായ് കെഎംസിസി കുറ്റപ്പെടുത്തി. 2016 ല്‍ ആദ്യമായി മുഖ്യമന്ത്രിയായി നടത്തിയ സന്ദര്‍ശന വേളയില്‍ യുഎഇയിലെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രഖ്യാപനങ്ങളില്‍ ഒന്നുപോലും ഇപ്പോഴും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ വീണ്ടും മുഖ്യമന്ത്രിയായിട്ടും വന്ന് പോകുക മാത്രമാണ് അദ്ദേഹം ചെയ്തത്. പ്രവാസി സംഘടനകളുമായി ആശയവിനിമയം നടത്തുവാനോ പ്രശ്‌നങ്ങളും പരാതികളും കേള്‍ക്കുവാനോ തയാറാകാതെയാണ് മുഖ്യമന്ത്രി മടങ്ങിയത്. അതിനാല്‍ വാഗ്ദാനങ്ങള്‍ നല്‍കി പ്രവാസികളെ കബളിപ്പിക്കുക മാത്രമാണ് പിണറായി വിജയന്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും കെഎംസിസി വിമര്‍ശിച്ചു.

2018 ല്‍ ‘റീ ബില്‍ഡ് കേരളയ്ക്കായി’ വന്നപ്പോഴും പാര്‍ട്ടി ചാനലിന് പണം പിരിച്ച് മുഖ്യമന്ത്രി മടങ്ങി

കേരളത്തിലെ പ്രളയാനന്തരം റീ ബില്‍ഡ് കേരള എന്ന ആശയവുമായി മുഖ്യമന്ത്രി പിണറായി 2018 ഒക്ടോബറില്‍ യുഎഇയില്‍ എത്തിയപ്പോഴും സിപിഎമ്മിന്‍റെ കൈരളി ചാനലിന്‍റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി ഫണ്ട് സമാഹരണ അവാര്‍ഡ്ദാന പരിപാടികളില്‍ സംബന്ധിക്കാനാണ് അന്നും കൂടുതല്‍ സമയവും ചെലവഴിച്ചതെന്ന് കെഎംസിസി ആരോപിച്ചു. 2022 ലെ ഈ സന്ദര്‍ശനത്തിലും സമാനമായ കാര്യങ്ങള്‍ തന്നെയാണ് നടന്നത്. കൈരളി ചാനലിനുള്ള ഫണ്ട് സമാഹരണത്തിന്‍റെ ഭാഗമായി അവാര്‍ഡ് വിതരണ മാമാങ്കം നടത്തുവാന്‍ പതിവ് പോലെ കഴിഞ്ഞു. അല്ലാതെ മറ്റൊന്നും ഇത്തവണയും നടന്നിട്ടില്ലെന്നും ദുബായ് കെഎംസിസി കുറ്റപ്പെടുത്തി.

സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയാറായില്ലെന്ന് ഇന്‍കാസ്

ഒരാഴ്ചക്കാലം യുഎഇയില്‍ ചെലവഴിച്ച മുഖ്യമന്ത്രി ഒരിക്കല്‍പോലും സാധാരണക്കാരെ കാണുവാനോ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ തയാറായില്ലെന്ന് ഇന്‍കാസ് യുഎഇ കമ്മിറ്റി ആരോപിച്ചു. വരേണ്യ വര്‍ഗത്തിന്‍റെ യോഗങ്ങളിലും പാര്‍ട്ടി ചാനലിന്‍റെ പണപ്പിരിവിനും മാത്രമായി മുഖ്യമന്ത്രി സമയം ചെലവഴിച്ചു.  കേരള ജനതയോടും പ്രത്യേകിച്ച് പ്രവാസികളോടുമുള്ള അദ്ദേഹത്തിന്‍റെ മനോഭാവമാണ് ഇതിലൂടെ വ്യക്തമായതെന്ന് യുഎഇ ഇന്‍കാസ് പ്രസിഡന്‍റ് മഹാദേവന്‍ വാഴശേരില്‍, ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് ജാബിര്‍ എന്നിവര്‍ ആരോപിച്ചു.

ആര്‍ക്കും പിടികൊടുക്കാതെ സമ്പന്നരുടെ ഭവനങ്ങളില്‍ കയറിയിറങ്ങിയെന്നും ആക്ഷേപം

കേരളത്തിലെ ഏത് നേതാക്കള്‍ യുഎഇ സന്ദര്‍ശിച്ചാലും ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അടിസ്ഥാന വര്‍ഗത്തിന്‍റെ പ്രശ്‌നങ്ങള്‍ ആരായുകയും അതിന് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യാറുണ്ട് . എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരാഴ്ച ആര്‍ക്കും പിടികൊടുക്കാതെ സമ്പന്നരുടെ ഭവനങ്ങളില്‍ നിന്ന് ഭവനങ്ങളിലേക്ക് യാത്ര ചെയ്യുകയാണ് ഉണ്ടായത്. വലിയ മാമാങ്കങ്ങള്‍ സംഘടിപ്പിച്ച് വീണ്ടും വാഗ്ദാനങ്ങള്‍ നല്‍കി മടങ്ങി എന്നല്ലാതെ സാധാരണക്കാരെ സംബന്ധിക്കുന്ന ഒരു വിഷയത്തിലും അദ്ദേഹം നിലപാട് എടുത്തില്ല. അതിനാല്‍ മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം ഏറെ നിരാശാജനകമാണെന്നും ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റി പറഞ്ഞു.