ഇ-മൊബിലിറ്റി ക്രമക്കേടിന് പിന്നിലും മുഖ്യമന്ത്രിയുടെ വിശ്വസ്തന് റോളുണ്ട് : പി.ഡബ്ല്യു.സിക്ക് കരാർ നല്‍കിയതിലും ശിവശങ്കറിന് പങ്ക്; തെളിവുകള്‍ പുറത്ത്

Jaihind News Bureau
Friday, July 17, 2020

 

ഇ-മൊബിലിറ്റി ക്രമക്കേടിന് പിന്നിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിശ്വസ്തനുമായ എം ശിവശങ്കറെന്നതിന് നിർണായക തെളിവുകൾ. പദ്ധതിക്കായി രൂപീകരിച്ച കമ്മിറ്റിയുടെ കൺവീനർ ശിവശങ്കറാണെന്നതിന്‍റെ രേഖകള്‍ ജയ്ഹിന്ദ് ന്യൂസിന്. പ്രൈസ് വാട്ടര്‍ഹൗസ്‌ കൂപ്പേഴ്സിന് കരാർ നൽകിയതിന് പിന്നിലും ശിവശങ്കറിന് പങ്കുള്ളതായി ഇതോടെ വ്യക്തമായി.

സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെയാണ്
ഇ-മൊബിലിറ്റി പദ്ധതിയിൽ വളഞ്ഞ വഴിയിലൂടെ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കമ്പനിക്ക് കൺസൾട്ടൻസി കരാർ നൽകിയതിന് പിന്നിലും ശിവശങ്കറാണെന്ന തെളിവുകൾ പുറത്ത് വന്നത്.

നേരത്തെ 4,500 കോടിയുടെ ഇ-മൊബിലിറ്റി പദ്ധതി വന്നപ്പോള്‍ ധനകാര്യ വകുപ്പും ചീഫ് സെക്രട്ടറിയും എതിര്‍ത്തിരുന്നു. ഇത്രയും പണം കണ്ടെത്തുന്നതിലെ പ്രായോഗികത ചൂണ്ടിക്കാട്ടിയാണ് ധനകാര്യ വകുപ്പും ചീഫ് സെക്രട്ടറിയും പ്രധാനമായും അന്ന് എതിര്‍പ്പ് പ്രകടിപ്പിച്ചത്. എന്നാല്‍ ഈ എതിര്‍പ്പുകളെ കാര്യമായി എടുക്കാതെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടെണ്ടർ പോലും വിളിക്കാതെ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെ പദ്ധതിയുടെ കണ്‍സള്‍ട്ടന്‍റായി നിയമിച്ചു. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ എങ്ങനെ കണ്‍സള്‍ട്ടന്‍റായി വച്ചു എന്നതിന്റെ തെളിവാണ് ഈ ഉത്തരവിലൂടെ വ്യക്തമായിരിക്കുന്നത്. ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍വീനർ എം ശിവശങ്കറാണെന്നും രേഖകളിലൂടെ തെളിഞ്ഞു. ഇതിലൂടെ ശിവങ്കറാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ കണ്‍സള്‍ട്ടന്‍റായി കൊണ്ടുവരുന്നതിന് ചുക്കാന്‍ പിടിച്ചതെന്നതും വ്യക്തമായി.

17.02.20 ൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ വച്ച് കൂടിയ ഇ-ബസ് നിർമാണ പദ്ധതി സംബന്ധിച്ച മീറ്റിംഗിൽ പ്രൈസ് വാട്ടർ കൂപ്പേഴ്സിന്‍റെയും ഹെസിന്‍റെയും പ്രതിനിധികൾ ഒരുമിച്ച് പങ്കെടുത്തതിന്‍റെ തെളിവുകളും നേരത്തെ പുറത്ത് വന്നിരുന്നു.