മാർക് ദാന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിന്‍റെയും വിസിയുടെയും വാദം തെറ്റ്; തെളിവുകള്‍ പുറത്ത്

Jaihind News Bureau
Tuesday, October 15, 2019

മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിന്‍റെയും വിസിയുടെയും വാദം തെറ്റെന്നതിന് രേഖകള്‍.  മാർക്ക് ദാനത്തിന് അദാലത്തിൽ തീരുമാനം ഉണ്ടായെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്. നിലവിലെ മോഡറേഷന് പുറമേ ഒരു മാർക് സ്‌പെഷ്യല്‍ നൽകാൻ തീരുമാനിച്ചു. മാർക് നൽകാൻ അദാലത്ത് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ വാദം.

ബിടെക്ക് ഫലംപ്രഖ്യാപിച്ചശേഷമുള്ള എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക്ദാനം കടുത്ത നിയമലംഘനമാണെന്ന് ചൂണ്ടി കാണിക്കുന്നതാണ് പുറത്തുവരുന്ന തെളിവുകള്‍ വ്യക്തമാക്കുന്നത്. വിഷയത്തിൽ മാർക്ക് നൽകുന്നത് സംബന്ധിച്ച് അദാലത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നാണ് മന്ത്രി കെ.ടി ജലീൽ നേരുത്തെ പറഞ്ഞത്. എന്നാൽ ആ വാദം തെറ്റാണെന്നാണ് ഇപ്പോൾ പുറത്ത് വന്ന തെളിവുകൾ സൂചിപ്പിക്കുന്നത്. മാർക്ക് നൽകാൻ അദാലത്തിൽ തീരുമാനമെടുത്തതിന്റെ ഉത്തരവ് പുറത്തായതോടെയാണ് മന്ത്രിയുടെ വാദം മറ്റുളളവരെ കബളിപ്പിക്കുന്നതാണെന്ന് വ്യക്തമാകുന്നത്. ഒപ്പം തന്നെ അര്‍ഹതയില്ലാത്ത ഗ്രേസ്മാര്‍ക്കിനായി എം.ജി സര്‍വകലാശാലയെ സമീപിച്ച വിദ്യാര്‍ഥിനിയും ഒരു സിന്‍ഡിക്കേറ്റ് അംഗവും ബന്ധുക്കളാണെന്നും, ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും വിദ്യാർത്ഥിനിയും ഒരേ നാട്ടുകാരുമാണെന്നും തെളിഞ്ഞു.

ഫലംവന്നശേഷം തോറ്റവരെ ജയിപ്പിക്കാനായി മാര്‍ക്ക് കൂട്ടി നല്‍കാന്‍ സിന്‍ഡിക്കേറ്റിനോ വിസിക്കോ യാതൊരു അധികാരവുമില്ല.
മന്ത്രിയോ പേഴ്സണല്‍ സ്റ്റാഫോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം, മോഡറേഷന്‍ എന്നിവയില്‍ ഇടപെടുന്നത് നിയമവിരുദ്ധമാണെന്നിരിക്കെയാണ് ഇത്തരം ക്രമക്കേട് നടത്തിയത്. അതേസമയം ഇല്ലാത്ത അധികാരമുപയോഗിച്ചാണ് സിന്‍ഡിക്കേറ്റ് പരീക്ഷയില്‍തോറ്റവര്‍ക്കെല്ലാം അ‍ഞ്ച് മാര്‍ക്ക് നല്‍കാനും തീരുമാനമെടുത്തത്. മന്ത്രിയുടേയും പേഴ്സണൽ സ്റ്റാഫുകളുടേയും ബന്ധുക്കൾക്ക് വേണ്ടി ഏത് നിയമവും കാറ്റിൽ പറത്താമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

അതേസമയം, മാർക്ക് ദാന വിവാദത്തിൽ കെ.എസ് യു പ്രവർത്തകർ എം.ജി യൂണിവേഴ്‌സിറ്റി അസ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ചു. യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ അരവിന്ദ് കുമാറിനെ വഴിയിൽ തടഞ്ഞു.  പോലീസ്  പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിട്ടു.