മദ്രസാ അദ്ധ്യാപകർക്കുള്ള വായ്പ അട്ടിമറിച്ചതിനുള്ള തെളിവുകൾ പുറത്ത്; ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ വകമാറ്റിയത് 20 കോടിയോളം രൂപ

Jaihind News Bureau
Thursday, January 23, 2020

ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ മദ്രസാ അദ്ധ്യാപകർക്കുള്ള വായ്പ അട്ടിമറിച്ചതിനുള്ള തെളിവുകൾ പുറത്ത്. കോർപ്പറേഷൻ 20 കോടി രൂപയോളം തുക വകമാറ്റി വിവിധ ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തിയതിന്‍റെ രേഖ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. ജയ്ഹിന്ദ് എക്‌സ്‌ക്ലൂസീവ്‌.

സംസ്ഥാന മദ്രസാ ക്ഷേമ നിധി ബോർഡിൽ അംഗത്വമുള്ള മദ്രസാ അദ്ധ്യാപകർക്ക് ഭവന വായ്പക്കും, മറ്റു ബന്ധപ്പെട്ട ആവശ്യങ്ങൾക്കും – 2 ലക്ഷം രൂപ പലിശ രഹിത വായ്പ നൽകാൻ സർക്കാർ ഉത്തരവായിരുന്നു. ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനെയാണ് – സർക്കാർ വായ്പ വിതരണത്തിനും, അനുബന്ധ പ്രവർത്തനങ്ങൾക്കും ചുമതലപ്പെടുത്തിയത്. ഉത്തരവ് പ്രകാരം കോർപ്പറേഷൻ വായ്പ നൽക്കുന്നതിനു അപേക്ഷ ക്ഷണികേണ്ടിരുന്നത് 2019 മാർച്ചിലായിരുന്നു.

എന്നാൽ അപേക്ഷ ക്ഷണിച്ചില്ലെന്നു മാത്രമല്ല , വായ്പ നൽകാതെ കോടിക്കണക്കിന് രൂപ 2 സ്വകാര്യ ബാങ്കുകളിൽ നിക്ഷേപിക്കുകയും ചെയ്തു. ഒരു ബാങ്കിൽ 10 കോടി 10 ലക്ഷം രൂപയും, മറ്റൊരു ബാങ്കിൽ 9 കോടിരൂപയുമാണ് സ്ഥിര നിക്ഷേപമായി നൽകിയിട്ടുള്ളത്. ഇതിൽ നിന്നുള്ള പലിശ ആർഭാടത്തിനും ധൂർത്തിനും ഉപയോഗിക്കുന്നതിനായി ട്രഷറിയിൽ നിക്ഷേപിക്കാതെയാണ് സ്വകാര്യ ബാങ്കുകളിൽ സ്ഥിര നിക്ഷേപം നടത്തിയിരിക്കുന്നത്. സംസ്ഥാന ധനകാര്യ വകുപ്പിന്റെ ഉത്തരവ് പ്രകാരം കോർപ്പറേഷനോ – പൊതുമേഖലാ സ്ഥാപനങ്ങളോ ബാലൻസുള്ള തുക ട്രഷറിയിൽ നിക്ഷേപിക്കണം എന്നാണ് ചട്ടം. അതും ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ഇവിടെ ലംഘിച്ചിരിക്കുകയാണ്.