3 വർഷമായി എ.ജി യുടെ ഓഡിറ്റിംഗ് നടക്കുന്നില്ല; സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ തുടർക്കഥ; കൂടുതൽ തെളിവുകൾ പുറത്ത്

Jaihind News Bureau
Friday, January 24, 2020

സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിലെ സാമ്പത്തിക ക്രമക്കേടിന്‍റെ കൂടുതൽ തെളിവുകൾ പുറത്തായി. മാസം 1 ലക്ഷത്തിലധികം രൂപ പെൻഷൻ ലഭിക്കുന്ന വിരമിച്ച ജീവനക്കാരന്, ഒരു ലക്ഷത്തിലധികം രൂപ ശമ്പളം നൽകി, ചട്ടം ലംഘിച്ചാണ്  കോർപറേഷൻ എംഡി തസ്തികയിൽ നിയമനം നൽകിയിട്ടുള്ളത്. എ.ജി യുടെ ഓഡിറ്റിംഗ് 3 വർഷമായി നടക്കാത്തതിനാൽ സാമ്പത്തിക ക്രമക്കേട് തുടരുകയാണ് കോർപറേഷനിൽ.

വകുപ്പ് മന്ത്രി കെ.ടി.ജലീലിന്‍റെ  ബന്ധുവിന്‍റെ ജനറല്‍ മാനേജർ  തസ്തികയിലെ  നിയമനത്തോടെ വിവാദമായ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ക്രമക്കേട് തുടർക്കഥയാകുന്നു. ബന്ധു നിയമന വിവാദങ്ങൾക്ക് ശേഷം 2018 ഡിസംബറിൽ സംസ്ഥാനത്തെ കോർപ്പറേഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ MD, CEO എന്നീ ഉയർന്ന തസ്തികകളിലെ  നിയമനങ്ങൾ പ്രൊഫഷണൽ സെലക്ഷൻ ബോർഡ് മുഖാന്തരമാകണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ പത്ര പരസ്യമോ, മറ്റോ കൂടാതെയാണ്  ഇക്കഴിഞ്ഞ നവംബർ 21ന് ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ കെ.എ.മുഹമ്മദ് നൗഷാദിനെ MD തസ്തികയിൽ നിയമിച്ചത്. ഇയാളാകട്ടെ, 2019 ഏപ്രിലിൽ വനം വകുപ്പിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ്. മാസം 1, 12,000 രൂപ സർക്കാരിൽ നിന്നും പെൻഷൻ കൈപ്പറ്റുന്ന നൗഷാദിന്, 1,12,000 രൂപ ശമ്പളമായും, കൂടാതെ സർക്കാർ ആനുകൂല്യങ്ങളും, നൽകണമെന്ന്  പുതിയ നിയമന ഉത്തരവിൽ പറയുന്നു. പിൻവാതിൽ നിയമനം നേടിയ പ്രസ്തുത എം.ഡിക്ക്  ഇതിനു പുറമെ യാത്ര ബത്ത, ഫോൺ അലവൻസ്, കാർ എന്നിവയും കോർപ്പറേഷൻ നൽകണം. കേവലം 8 മാസം മാത്രം സർവ്വീസുള്ള വ്യക്തിക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജനറൽ മാനേജർ തസ്തികയിൽ  നിയമനം നൽകിയതും വലിയ വിവാദമായിരുന്നു. പ്രസ്തുത വ്യക്തിക്കും മാസം ഒരു ലക്ഷം രൂപക്ക് മുകളിലാണ് കോർപറേഷൻ നൽക്കുന്നത്. രണ്ട് നിയമനങ്ങളോടെയും വലിയ സാമ്പത്തിക ബാധ്യതയാണ് ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനു ഉണ്ടായിട്ടുള്ളത്.

ഇതിനൊക്കെ പുറമെ,  വായ്പാ തിരിച്ചടവ് നടത്താത്തവർക്കെതിരെ നടപടി സ്വീകരിക്കാതെ കോർപറേഷന് വൻ സാമ്പത്തിക നഷ്ടം വരുത്തുന്നതായും ആക്ഷേപമുണ്ട് . 1861 പേർ വായ്പാ തിരിച്ചടവ് നടത്തിയിട്ടില്ല എന്ന് കോർപറേഷൻ തന്നെ സമ്മതിക്കുന്നു. കോർപ്പറേഷനിൽ  മൂന്ന് വർഷമായി എ.ജി. യുടെ ഓഡിറ്റിംഗ് നടന്നിട്ടില്ല. ഇതാണ് വ്യാപക ക്രമക്കേടിനും, അഴിമതിക്കും കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മദ്രസാ അദ്ധ്യാപകർക്കുള്ള പലിശ രഹിത വായ്പ വകമാറ്റി, 20 കോടി രൂപയോളം രണ്ട് സ്വകാര്യ ബാങ്കിൽ കോർപറേഷൻ സ്ഥിര നിക്ഷേപം നടത്തിയതിന്റെ തെളിവു സഹിതം കഴിഞ്ഞ ദിവസം ജയ്ഹിന്ദ് വാർത്ത നൽകിയിരുന്നു. സംസ്ഥാന സർക്കാരിന്റെ ട്രഷറിയിൽ നിക്ഷേപം നടത്താതെ, സ്വകാര്യ ബാങ്കുകളിൽ  നിക്ഷേപിച്ച് – ലഭിക്കുന്ന ഉയർന്ന പലിശ ഉപയോഗിച്ച് വലിയ ദൂർത്തും ആർഭാടവുമാണ്  കോർപറേഷനിൽ ഇപ്പോൾ നടക്കുന്നത്.

https://www.youtube.com/watch?v=tWnzhZy-fMM