ഒരാഴ്ച കഴിഞ്ഞിട്ടും കെ വിദ്യയെ കണ്ടെത്താനാകാതെ കേരള പോലീസ്: മുന്‍കൂർ ജാമ്യാപേക്ഷയുമായി വിദ്യ ഹൈക്കോടതിയില്‍; അവിവാഹിതയാണ്, ഭാവി മുന്‍നിർത്തി ജാമ്യം നല്‍കണമെന്ന് ആവശ്യം

Jaihind Webdesk
Monday, June 12, 2023

 

വ്യാജരേഖ വിവാദത്തിൽ ഒളിവിൽ കഴിയുന്ന മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയെ കണ്ടെത്താനാകാതെ പോലീസ്. കേസ് രജിസ്റ്റർ ചെയ്ത് ഏഴ് ദിവസം പിന്നിട്ടിട്ടും വിദ്യ എവിടെയെന്ന ചോദ്യത്തിനു മുന്നിൽ ഇരുട്ടില്‍ തപ്പുകയാണ് കേരള പോലീസ്. വിദ്യയ്ക്ക് പിന്നിൽ ഉന്നത സിപിഎം നേതാക്കളാണെന്ന ആക്ഷേപം നിലനിൽക്കെ വിദ്യയെ കണ്ടത്താനാകാത്തത് പോലീസിനെ പ്രതിക്കൂട്ടിലാക്കുകയാണ്.

ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലാണ് കെ വിദ്യ ഒളിവിൽ കഴിയുന്നത്.
അതേസമയം മുൻകൂർ ജാമ്യം തേടി കെ വിദ്യ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. താന്‍ അവിവാഹിതയാണെന്നും തന്‍റെ ഭാവി മുന്‍നിര്‍ത്തി ജാമ്യം നല്‍കണമെന്നും വിദ്യ കോടതിയോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെ ബെഞ്ചാണ് കേസ് പരിഗണിക്കുക. അതേസമയം വിദ്യയെ കണ്ടെത്താൻ സൈബർ സെല്ലിന്‍റെ സഹായം തേടിയിരിക്കുകയാണ് പോലീസ്. വിദ്യയുടെ ഒളിയിടം കണ്ടെത്താൻ സഹായം ആവശ്യമാണെന്ന് അഗളി പൊലീസ് സൈബർ സെല്ലിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അന്വേഷണസംഘം വിദ്യയുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. തൃക്കരിപ്പൂർ മണിയനൊടിയിലെ വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയിരുന്നു. തുടർന്ന് ബന്ധുവിന്‍റെയും അയൽവാസിയുടേയും സാന്നിധ്യത്തിൽ ഒന്നരമണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ജൂൺ മൂന്നിന് കോട്ടത്തറ ആർജിഎം കോളജിൽ നടന്ന ഗെസ്റ്റ് ലക്ചറർമാരുടെ മുഖാമുഖത്തിൽ പങ്കെടുത്ത വിദ്യ മഹാരാജാസ് കോളജിൽ രണ്ടു വർഷം പഠിപ്പിച്ചിരുന്നതായി വ്യാജ രേഖ സമർപ്പിച്ചെന്നാണ് കേസ്. മഹാരാജാസിലെ മുൻ അധ്യാപികയ്ക്ക് തോന്നിയ സംശയത്തിൽ മഹാരാജാസിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വ്യാജ രേഖയാണെന്ന് വ്യക്തമായത്. ഇക്കാലയളവിൽ മഹാരാജാസ് മലയാളം വിഭാഗത്തിൽ താൽക്കാലിക നിയമനം നടത്തിയിട്ടില്ലെന്നാണ് കോളേജ് അധികൃതർ വ്യക്തമാക്കുന്നത്. കാസർഗോഡ് കരിന്തളം ഗവണ്‍മെന്‍റ് കോളേജിലും ഇതേ വ്യാജരേഖ സമർപ്പിച്ചാണ് കഴിഞ്ഞ വർഷം മലയാളം അധ്യാപികയായി ജോലി നേടിയതെന്ന പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.