ഏറ്റുമാനൂരില്‍ അമ്മയും രണ്ട് പെണ്‍മക്കളും കൂട്ട ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് നോബിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് കോടതിയാണ് അപേക്ഷ തള്ളിയത്. പ്രതിയെ രണ്ട് ദിവസം കസ്റ്റഡിയില്‍ വിട്ടു. രണ്ടാഴ്ച മുമ്പാണ് അമ്മ ഷൈനിയും മക്കളായ അലീന, ഇവാന എന്നിവര്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 9 മാസമായി ഭര്‍ത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടിലാണ് ഷൈനിയും മക്കളും താമസിച്ചിരുന്നത്. വിവാഹ മോചന കേസ് കോടതിയില്‍ നടക്കെ ഭര്‍ത്താവ് നോബിയില്‍ നിന്നുമുണ്ടായ മാനസിക പീഡനമാണ് ഷൈനിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവ് നോബിയെ പോലീസ് അറസ്റ്റ് ചെയ്തത്.
പള്ളിയില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ആത്മഹത്യ ചെയ്യാന്‍ ഇറങ്ങിയ ഷൈനിയുടെയും മക്കളുടെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇളയ മകളെ ഷൈനി നിര്‍ബന്ധിച്ചു കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. വിവാഹ മോചന കേസ് കോടതിയില്‍ നീളുന്നതും ഷൈനിക്ക് ജോലി ലഭിക്കാത്തതും മാനസിക സമ്മര്‍ദം ഉണ്ടാക്കുന്നുവെന്ന് ഒരു സുഹൃത്തിനോട് പറയുന്ന ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അതിനു ശേഷം നടത്തിയ പോലീസ് അന്വേഷണത്തില്‍ ഭര്‍ത്താവ് നോബിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വരികയായിരുന്നു. ഷൈനി പുലരി കുടുംബശ്രീയില്‍ നിന്നും എടുത്ത വായ്പ നോബിയുടെ അച്ഛന്റെ ചികില്‍സയ്ക്കാണെന്നും എന്നാല്‍ തിരിച്ചടയ്ക്കാന്‍ നോബിയും കുടുംബവും തയാറായില്ലെന്നും കുടുംബശ്രീ അംഗങ്ങള്‍ പറയുന്നു. ഷൈനിയുടെ ആവശ്യത്തിന് എടുത്തതാണെന്ന മുടന്തന്‍ ന്യായം പറഞ്ഞാണ് നോബി കൈയ്യൊഴിഞ്ഞത്. സ്വന്തം വീട്ടിലേക്ക് ഷൈനി തിരികെ പോകുന്നത് വരെ പണം അടച്ചിരുന്നുവെന്നും അംഗങ്ങള്‍ പറയുന്നു.