എ ഐ കാമറകള്‍ സജ്ജം; പിഴ ഈടാക്കാന്‍ എംവിഡിയും; സര്‍ക്കാര്‍ അനുവദിച്ചാല്‍ ഇരട്ടി പിഴത്തുക ഖജനാവിലേക്ക്

Jaihind Webdesk
Wednesday, February 8, 2023

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ക്യാമറ വഴി പിഴ ഈടാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഇന്ന് സര്‍ക്കാരിന്‍റെ അനുമതി തേടും.  ശുപാർശ ഇന്നത്തെ മന്ത്രിസഭ യോഗം പരിഗണിച്ച് അനുവാദം ലഭിച്ചാല്‍  രണ്ടാഴ്ചക്കുള്ളില്‍ പിഴ ഈടാക്കി തുടങ്ങും.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ക്യാമറ വഴി  ഗതാഗത നിയമലംഘനം നടത്തുന്നവരെ കൈയ്യോടെ പിടികൂടാനാവും. റോഡില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കാണാന്‍ പറ്റാത്തത് വരെ കണ്ടെത്താനാവും എന്നതാണ് എ ഐ കാമറകളുടെ പ്രത്യേകത. ഹെല്‍മറ്റും സീറ്റ് ബല്‍റ്റുമാണ് ഇവ പ്രധാനമായും പിടിക്കുന്നത്. ഇത് രണ്ടും ഡ്രൈവര്‍ക്ക് മാത്രമല്ല, എല്ലാ യാത്രക്കാര്‍ക്കും വേണം. ഇതുകൂടാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിങ്ങും റെഡ് സിഗ്നല്‍ ലംഘിക്കലും പിടിക്കും. അമിതവേഗം ആദ്യഘട്ടത്തില്‍ പിടിക്കില്ലെങ്കിലും രണ്ടാംഘട്ടത്തില്‍ അതിനും പിടിവീഴും.

ഹെൽമറ്റിന്‍റെ സ്ട്രാപ്പ് ധരിക്കാത്തത് പോലും ഇതുവഴി കണ്ടെത്താനാകും. ഇതോടെ ഇപ്പോൾ ചുമത്തപ്പെടുന്നതിന്‍റെ ഇരട്ടി പിഴത്തുക സർക്കാർ ഖജനാവിലേക്കെത്തും.

225 കോടി രൂപ മുടക്കി 675 ക്യാമറകള്‍ ദേശീയ–സംസ്ഥാന പാതകളിലെല്ലാം സ്ഥാപിച്ചിട്ട് 11 മാസമായി. ചില സാങ്കേതിക തടസങ്ങള്‍ കാരണം പ്രവര്‍ത്തിച്ചിരുന്നില്ല. വലിയ ചിലവ് ഉണ്ടാക്കി വാങ്ങിച്ച കാമറകള്‍ പ്രവര്‍ത്തിക്കാത്തത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. എന്നാല്‍  ക്യാമറകൾക്കുണ്ടായിരുന്ന സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.